ആ മുംബൈ താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള ശരിയായ സമയം ഇതാണ്: ഗൗതം ഗംഭീർ

വെള്ളി, 6 നവം‌ബര്‍ 2020 (12:44 IST)
ദുബായ്: ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്തുന്ന യുവതരം സൂര്യ കുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സമ്മർദ്ദങ്ങളെ അതിജീവിയ്ക്കാൻ കഴിവുള്ള, ബാറ്റിങ്ങിൽ പൂർണ നിയന്ത്രണമുള്ള താരമാണ് സൂര്യകുമാർ യാദവ് എന്ന് ഗൗതം ഗംഭീർ പറയുന്നു. സൂര്യകുമാർ യാദവിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നു എന്നും ഗംഭീർ പറയുന്നു. 
 
'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാര്‍. ഐപിഎലിലും സ്ഥിരതയോടെ കളിക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. സമ്മർദ്ദങ്ങളെ അതിജീവിച്ച് നിയന്ത്രണത്തോടെ ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ് അവൻ. ടി20 താരമയി മാത്രം സൂര്യകുമാറിനെ കണക്കാക്കരുത്. ഏകദിനത്തിലും തിളങ്ങാൻ കഴിവുള്ള താരമാണ് അവൻ. ഇനിയൂം ആറേഴ് വർഷങ്ങൾ അവനുമുന്നിലുണ്ട്. കെകെആർ സൂര്യകുമാറിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നു. 
 
അവന്‍ അന്ന് കെകെആറിന്റെ പ്രധാന താരമല്ലായിരുന്നിരിയ്ക്കാം. എന്നാല്‍ അതേ താരം മുംബൈയിലെത്തിയതോടെ ഉണ്ടായ മാറ്റം എത്രയെന്ന് നോക്കൂ. കെകെആറിന്റെ നഷ്ടമാണ് ഇവിടെ മുംബൈയുടെ നേട്ടം. സൂര്യകുമാര്‍ പോയത് കൊൽക്കത്തയ്ക്ക് വലിയ നഷ്ടം തന്നെയാണ്. നിര്‍ണ്ണായക പ്രായമാണ് ഇപ്പോള്‍ സൂര്യകുമാറിന്റേത്. അവൻ പൂർണത കൈവരിച്ചിരിയ്ക്കുന്നു. ചില താരങ്ങള്‍ക്ക് അവരുടെ പ്രതിഭ കാരണം നേരത്തെ തന്നെ അവസരം ലഭിക്കും.' ഗംഭീർ പറഞ്ഞു. മികച്ച പ്രകടനമാണ് ഈ സീസണിൽ സൂര്യകുമാർ യാദവിൽനിന്നും ഉണ്ടാകുന്നത്. 15 മത്സരങ്ങളിൽനിന്നും 461 റൺസാണ് താരം സ്വന്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍