അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിലെ ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാമതാണെങ്കിലും തന്റെ പേരിനൊത്ത പ്രകടനം ഐപിഎല്ലിൽ നടത്താൻ മുംബൈ നായകനായ രോഹിത് ശർമയ്‌ക്ക് ഇത്തവണ സാധിച്ചിട്ടില്ല. പരിക്ക് മൂലം ഏതാനും മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നതും താരത്തിന് നഷ്ടമായി. ഇപ്പോളിതാ ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് മുംബൈയുടെ ഹിറ്റ്‌മാൻ.
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി. 13 തവണയാണ് ഐപിഎല്ലിൽ രോഹിത് റൺസൊന്നും കണ്ടെത്താനാകാതെ പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹര്‍ഭജന്‍ സിംഗ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരാണ് നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്തിന് ഒപ്പമുള്ളത്.