വിരമിച്ചവർക്കും വേണ്ടേ ഒരു ഐപിഎൽ, ബിസിസിഐയ്ക്ക് മുന്നിൽ നിർദേശവുമായി സീനിയർ താരങ്ങൾ

അഭിറാം മനോഹർ

ചൊവ്വ, 13 ഓഗസ്റ്റ് 2024 (14:02 IST)
ഐപിഎല്ലും വനിതാ പ്രീമിയര്‍ ലീഗും ഹിറ്റായതോടെ വിരമിച്ച കളിക്കാര്‍ക്കും സമാനമായൊരു ക്രിക്കറ്റ് ലീഗ് വേണമെന്ന ആവശ്യവുമായി സീനിയര്‍ താരങ്ങള്‍ ബിസിസിഐയെ സമീപിച്ചതായി റിപ്പോര്‍ട്ട്. വിരമിച്ച കളിക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ വൈകാതെ തന്നെ ലെജന്‍ഡ്‌സ് പ്രീമിയര്‍ ലീഗ് അവതരിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയതെന്ന് ദൈനിക് ജാഗരണ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നിലവില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്, ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്,ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്,ഗ്ലോബല്‍ ലെജന്‍ഡ്‌സ് എന്ന് തുടങ്ങി വിരമിച്ച കളിക്കാര്‍ക്ക് നിരവധി ലീഗുകളുണ്ടെങ്കിലും ഇവ സ്വകാര്യകമ്പനികള്‍ സംഘടിപ്പിക്കുന്നതാണ്. ഇതിനെല്ലാം പകരമായി ബിസിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സീനിയര്‍ താരങ്ങള്‍ക്കായി ഒരു ടൂര്‍ണമെന്റ് നിലവിലില്ല.
 
 നിലവില്‍ സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന ഇത്തരം ടൂര്‍ണമെന്റുകള്‍ക്ക് പകരം ബിസിസിഐ തന്നെ ഒരു ലീഗ് ആരംഭിച്ചാല്‍ അത് ഐപിഎല്‍ പോലെ ജനപ്രിയമാകുമെന്നാണ് മുന്‍ താരങ്ങള്‍ പറയുന്നത്. നിര്‍ദേശം സ്വീകരിക്കപ്പെടുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളും ടീമുകളുമായി ബിസിസിഐ രംഗത്ത് വന്നേക്കാം. താരങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം പരസ്യവരുമാനത്തിലൂടെ ലാഭം നേടാനും ഇത് ബിസിസിഐയെ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍