ഇന്ത്യന്‍ പരിശീലകനായി തിരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യ വാര്‍ത്താസമ്മേളനം നടത്തി ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറിനൊപ്പമാണ് ഗംഭീര്‍ മാധ്യമങ്ങളെ കണ്ടത്. സീനിയര്‍ താരങ്ങള്‍ ടി20യില്‍ വിരമിച്ചതിനെ പറ്റിയുള്ള സാഹചര്യത്തെ പറ്റിയും സീനിയര്‍ താരങ്ങള്‍ അടുത്ത ഏകദിന ലോകകപ്പിലും ടീമില്‍ ഉണ്ടാകുമോ എന്നതിനെ പറ്റിയുമെല്ലാം ഗംഭീറും അഗാര്‍ക്കറും വിശദീകരിച്ചു.
കോലിയും രോഹിത്തും ജഡേജയും ടി20യില്‍ നിന്നും വിരമിച്ചു. ഇങ്ങനെയാണ് തലമുറ മാറ്റം സംഭവിക്കുക. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും വ്യത്യസ്ത ടീമൂകളെന്ന ആശയം ഒറ്റയടിക്ക് നടപ്പിലാക്കാനാവില്ല. കളിക്കാര്‍ക്ക് തുടര്‍ച്ച പ്രധാനമാണ്. ഏതെങ്കിലും കളിക്കാരന്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള താരമാണെങ്കില്‍ അയാളെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ഗംഭീര്‍ വ്യക്തമാക്കി. ഫിറ്റ്‌നെസ് നിലനിര്‍ത്തുകയാണെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.