കോലിയുടെ പകരക്കാരനായെത്തി പക്ഷേ, നിരാശമാത്രം ബാക്കിയാക്കി പാട്ടീദാർ

അഭിറാം മനോഹർ

തിങ്കള്‍, 26 ഫെബ്രുവരി 2024 (18:22 IST)
ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ പല ക്രിക്കറ്റ് ആരാധകര്‍ക്കും പരിചിതമായ പേരാണ് രജത് പാട്ടീദാറിന്റേത്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം തുടര്‍ന്ന താരത്തിന് വിരാട് കോലി ടെസ്റ്റ് ടീമില്‍ നിന്നും മാറിനിന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ചത്. കോലിയുടെ പകരക്കാരനായി ടീമിന്റെ പ്രധാനപൊസിഷനില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും 3 ടെസ്റ്റ് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാട്ടീദാര്‍ കാഴ്ചവെച്ചത്.
 
ഇന്ത്യയ്ക്കായി 3 ടെസ്റ്റ് മത്സരങ്ങളിലായി 6 ഇന്നിങ്ങ്‌സുകളാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ കിട്ടിയ ഒരു അവസരത്തിലും മികച്ച ഒരു ഇന്നിങ്ങ്‌സ് പോലും കാഴ്ചവെയ്ക്കാന്‍ താരത്തിനായിട്ടില്ല. ധ്രുവ് ജുറല്‍,ആകാശ്ദീപ് സിംഗ്,സര്‍ഫറാസ് ഖാന്‍ എന്നിങ്ങനെ പുതുമുഖ താരങ്ങളെല്ലാം കഴിവ് തെളിയിക്കുമ്പോഴാണ് രജത് പാട്ടീദാര്‍ ആരാധകരെ നിരാശനാക്കുന്നത്.
 
3 ടെസ്റ്റ് മത്സരങ്ങളിലെ 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 10.50 റണ്‍സ് ശരാശരിയില്‍ വെറും 63 റണ്‍സ് മാത്രമാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്. റാഞ്ചി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 17 റണ്‍സിനും രണ്ടാം ഇന്നിങ്ങ്‌സില്‍ പൂജ്യനായുമാണ് താരം മടങ്ങിയത്. വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 32, 9 രാജ്കോട്ട് ടെസ്റ്റിൽ 5,0 എന്നിങ്ങനെയായിരുന്നു രജത് പാട്ടീദാറിന്റെ പ്രകടനം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍