ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഇന്ത്യന്‍ ഇതിഹാസതാരമായ വിരാട് കോലി, ടി20 സ്‌പെഷ്യലിസ്റ്റായ ക്രിസ് ഗെയ്ല്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ബാബറിന്റെ നേട്ടം. ടി20 ക്രിക്കറ്റില്‍ തന്റെ 271മത് ഇന്നിങ്ങ്‌സിലാണ് താരം 10,000 റണ്‍സ് ക്ലബിലെത്തിയത്.
10,000 റണ്‍സ് ക്ലബിലെത്താന്‍ ക്രിസ് ഗെയ്‌ലിന് 285 ഇന്നിങ്ങ്‌സും വിരാട് കോലിയ്ക്ക് 299 ഇന്നിങ്ങ്‌സുമാണ് വേണ്ടിവന്നത്. ടി20യില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് പാക് താരമാണ് ബാബര്‍ അസം. വെറ്ററന്‍ ഓള്‍റൗണ്ടറായ ഷൊയ്ബ് മാലിക്കാണ് ആദ്യമായി 10,000 റണ്‍സ് സ്വന്തമാക്കിയ പാകിസ്ഥാന്‍ താരം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സും പെഷവാര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ബാബര്‍ അസമിന്റെ റെക്കോര്‍ഡ് നേട്ടം.
455 ഇന്നിങ്ങ്‌സുകളീല്‍ നിന്നും 14,565 റണ്‍സ് നേടിയിട്ടുള്ള ക്രിസ് ഗെയ്‌ലാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം. 494 ഇന്നിങ്ങ്‌സുകളില്‍ നിന്നും 13159 റണ്‍സുമായി ഷൊയ്ബ് മാലിക്കും 579 ഇന്നിങ്ങ്‌സുകളില്‍ നിന്നും 12689 റണ്‍സുമായി കിറോണ്‍ പൊള്ളാര്‍ഡുമാണ് ലിസ്റ്റിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.