അടിമുടി ഗംഭീരം, പക്ഷേ മുൻനിര തകർന്നാൽ രാജസ്ഥാൻ വീഴും, സഞ്ജുവിന് വെല്ലുവിളികൾ വരുന്നതേയുള്ളു

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (13:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ മിന്നുന്ന വിജയം കൊണ്ടാണ് രാജസ്ഥാൻ റോയൽസ് ആരംഭിച്ചിരിക്കുന്നത്. രാജസ്ഥാൻ്റെ മുൻനിര ബാറ്റർമാർ തകർത്തടിച്ച മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 203 റൺസാണ് താരം നേടിയത്. രാജസ്ഥാനായി ഓപ്പണർമാരായ യശ്വസി ജയ്സ്വാളും, ജോസ് ബട്ട്‌ലറും നായകൻ സഞ്ജു സാംസണും അർധസെഞ്ചുറികളുമായി തിളങ്ങി. ബൗളിങ്ങിൽ ചഹലും ട്രെൻഡ് ബോൾട്ടും തിളങ്ങിയതൊടെ മത്സരത്തിൽ അനായാസകരമായിരുന്നു രാജസ്ഥാൻ വിജയം.
 
എന്നാൽ ആദ്യമത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാനെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ വരുന്ന മത്സരങ്ങളിൽ ഉയരുമെന്ന് ഉറപ്പ്. കഴിഞ്ഞ സീസണിലെ പോലെ മികച്ച മുൻനിര താരങ്ങളിലാണ് രാജസ്ഥാൻ്റെ മുഴുവൻ പ്രതീക്ഷകളും. എന്നാൽ മുൻനിര തകരുന്ന മത്സരങ്ങളിൽ റൺ നിരക്ക് താഴെ വീഴാതെ റൺസ് ഉയർത്താൻ സാധിക്കുന്ന താരങ്ങൾ രാജസ്ഥാനിൽ വിരളമാണ്. ദേവ്ദത്ത് പഠിക്കലും റിയാൻ പരാഗുമെല്ലാം ആദ്യ മത്സരത്തിൽ ശുഭസൂചനയല്ല രാജസ്ഥാന് നൽകുന്നത്.
 
ആദ്യ രണ്ട് വിക്കറ്റ് പോകുന്ന മത്സരങ്ങളിൽ ടീം പ്രതിരോധത്തിലേക്ക് വീഴുന്നത് സ്കോറിംഗിനെ വലിയ രീതിയിൽ ബാധിക്കും. ഇമ്പാക്ട് പ്ലെയർ ഉള്ളതിനാൽ ഈ സാഹചര്യങ്ങളിൽ ജോ റൂട്ടിനെ പോലെ ഒരു പരിചയസമ്പന്നനെ ടീമിന് പ്രയോജനകരമാകും. ന്യൂബോളിൽ ട്രെൻഡ് ബോൾട്ട് അപകടകാരിയാണെങ്കിലും ഡെത്ത് ഓവറിൽ മികച്ച പേസറില്ലാത്തതാണ് മറ്റൊരു പ്രശ്നം. എന്നാൽ യൂസ്വേന്ദ്ര ചാഹലിൻ്റെ മിന്നുന്ന ഫോം ടീമിന് അനുഗ്രഹമാകും. ബട്ട്‌ലർ,സഞ്ജു ,ജയ്സ്വാൾ അടങ്ങുന്ന മുൻനിരയ്ക്കൊപ്പം ബോൾട്ടും ചാഹലും അടങ്ങുന്ന ബൗളിംഗ് നിരയും ഒപ്പം അവസരത്തിനൊത്ത് ഉയരുന്ന മധ്യനിരയും ഉണ്ടെങ്കിൽ മാത്രമെ കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം രാജസ്ഥാൻ സ്വന്തമാക്കാനാകു.
 
 അതിന് മധ്യനിരയിൽ നിന്നും മികച്ച പ്രകടനങ്ങൾ വരേണ്ടതുണ്ട്. നായകനെന്ന നിലയിൽ സഞ്ജു തിളങ്ങുന്നതും മുൻനിര കഴിഞ്ഞ സീസണിലെ പോലെ ടച്ചിലാണ് എന്നതും രാജസ്ഥാനെ അപടകകാരികളാക്കുന്നു. അതേസമയം മധ്യനിരയിലെ പ്രശ്നം വലിയ മത്സരങ്ങളിൽ രാജസ്ഥാനെ തിരിച്ചടിക്കുമെന്ന് ഉറപ്പ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article