ഫിറ്റ്നസിൽ അശ്രദ്ധ, മറ്റ് വിവാദങ്ങൾ: പൃഥ്വി ഷാ ഇതെല്ലാം സ്വയം വരുത്തിവെച്ചതെന്ന് ആരാധകർ

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (12:54 IST)
ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലനെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് പൃഥ്വി ഷാ. സച്ചിൻ്റെ പിൻഗാമിയാകുമെന്ന് ക്രിക്കറ്റ് ലോകം കണക്കാക്കിയ പ്രതിഭയിൽ നിന്നും ഡൽഹി ടീമിലെ ഇമ്പാക്ട് പ്ലെയർ ലിസ്റ്റിൽ നിന്ന് വരെ പുറത്താകുന്നതിലേക്ക് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത താരം 2018ലാണ് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
 
തൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആദൂ ഇന്നിങ്ങ്സിൽ 134 റൺസ് നേടിയ പൃഥ്വി ഷാ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും വേഗതയിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. 99 പന്തിൽ നിന്നായിരുന്നു താരത്തിൻ്റെ സെഞ്ചുറി പ്രകടനം. എന്നാൽ 2020ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ താരത്തിൻ്റെ മോശം പ്രകടനം താരത്തിൻ്റെ കരിയർ തന്നെ അവസാനിപ്പിക്കുന്ന തരത്തിലായിരുന്നു. തുടർന്ന് ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാര്യമായ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താൻ താരത്തിനായില്ല.
 
ഇതിനെല്ലാം ഇടയിൽ 2018ലാണ് താരം ഡൽഹി ക്യാപ്പിറ്റൽസിൻ്റെ ഭാഗമായത്. 2020, 2021 സീസണുകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും 2023 സീസണിൽ 6 മത്സരങ്ങളിൽ നിന്നും 47 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 2020ൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വ്യക്തമാക്കപ്പെട്ട ബാറ്റിംഗ് ടെക്നിക്കിലെ പോരായ്മകൾ പരിഹരിക്കാതെയിരുന്നതും ഫിറ്റ്നസിൽ താരം ഉഴപ്പിയതും കളിയിൽ വ്യക്തമാണെന്ന് ആരാധകർ പറയുന്നു.
 
ഇതിനിടെയിൽ യൂട്യൂബറെ താരം കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളും താരത്തിൻ്റെ ഇമേജിനെ കാര്യമായി ബാധിച്ചു. 2023 സീസണിൽ തീരെ ഫിറ്റല്ലാത്ത താരത്തെ ആരാധകർ രൂക്ഷമായാണ് വിമർശിക്കുന്നത്. ബാറ്റിംഗ് ടെക്നിക്കും ഫിറ്റ്നെസും നോക്കാതെ തൻ്റെ പ്രതിഭയെ ധൂർത്തടിക്കുകയാണ് താരം ചെയ്യുന്നതും.ഡൽഹി ടീമിൽ നിന്നും പുറത്തായത് താരത്തിൻ്റെ സമീപനം കാരണമാണെന്നും വിമർശകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article