ചരിത്രം തിരുത്തിക്കുറിച്ച പ്രണവിന് കൈയ്യൊപ്പ് ചാര്‍ത്തിയ ബാറ്റ് നല്കി സച്ചിന്റെ അഭിനന്ദനം

Webdunia
വെള്ളി, 8 ജനുവരി 2016 (09:59 IST)
ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിച്ച പ്രണവ് ധനവാഡേയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അഭിനന്ദനം.  ഒരു ഇന്നിംഗ്‌സില്‍ ഒറ്റയ്ക്ക് 1009 റണ്‍സ് എടുത്ത് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായ പ്രണവിന് സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചാണ് ക്രിക്കറ്റ് ദൈവം അഭിനന്ദനം അറിയിച്ചത്. 323 പന്തിലായിരുന്നു പ്രണവിന്റെ ആയിരത്തി ഒമ്പത് റണ്‍സ് ഇന്നിംഗ്‌സ്.
 
പ്രമുഖ ക്രിക്കറ്റ് താരങ്ങളില്‍ വളരെക്കുറച്ചു പേര്‍ മാത്രമാണ് പതിനഞ്ചു വയസുകാരനായ ധനവാഡേയെ അഭിനന്ദനം അറിയിച്ചത്. എന്നാല്‍, ഒരു പടി കൂടി കടന്ന് ഒരു സമ്മാനം നല്കിയായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ അഭിനനന്ദനം. 
 
ചൊവ്വാഴ്ച ആയിരുന്നു പ്രണവ് ധനവാഡേ, പതിനാറു വയസ്സിനു താഴെയുള്ളവര്‍ക്കായുള്ള ഭണ്ഡാരി ട്രോഫിയില്‍ ചരിത്രം കുറിച്ചത്. കല്യാണിലെ യൂണിയന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൌണ്ടിലായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച മത്സരം.
 
ഇതോടെ, 1899ല്‍ ഇംഗ്ലണ്ടില്‍ എഴുതപ്പെട്ട ചരിത്രമാണ് പ്രണവ് തിരുത്തിയത്. ക്ലബ് മാച്ചില്‍ എ ഇ ജെ കോളിന്‍സ് പുറത്താകാതെ നേടിയ 628 റണ്‍സ് എന്നത് തിങ്കളാഴ്ച തന്നെ പ്രണവ് തിരുത്തിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് പ്രണവിന്റെ അച്‌ഛന്‍.
 
(ചിത്രം - ബി സി സി ഐ, ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്)