ഇന്ത്യക്കെതിരെ ഇന്ത്യയിൽ മികച്ച പ്രകടനം നടത്തുന്നത് കടുപ്പമെന്ന് മാർനസ് ലാബുഷെയ്‌ൻ

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2020 (08:50 IST)
ചുരുങ്ങിയ കാലത്തിനുള്ളിൽ ഓസീസിന്റെ പുതിയ ബാറ്റിങ് സെൻസേഷനായി മാറിയ താരമാണ് മാർനസ് ലാബുഷെയ്‌ൻ. ഓസീസിന്റെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായ സ്റ്റീവ് സ്മിത്തിനെ പോലും അപ്രസക്തമാക്കുന്ന പ്രകടനമാണ് അടുത്തകാലങ്ങളിൽ ലാബുഷെയ്‌ൻ കാഴ്ചവെച്ചിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഓസീസിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന  ലാബുഷെയ്‌ൻ ഇതാദ്യമായി ഏകദിനടീമിലും ഇടം നേടിയിട്ടുണ്ട് .ഇന്ത്യക്കെതിരെയുള്ള പരമ്പരയിലാകും  ലാബുഷെയ്‌ൻ തന്റെ ആദ്യ ഏകദിനമത്സരത്തിനിറങ്ങുന്നത്.
 
എന്നാൽ ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിക്കുന്നത് കടുപ്പമുള്ള കാര്യമാണെന്നാണ്  ലാബുഷെയ്‌ൻ പറയുന്നത്. ഇന്ത്യയിൽ പര്യടനം നടത്തുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ കരുത്തരായ എതിരാളികളാണ്. മികച്ച ബൗളിങ് നിരയും ബാറ്റിങ് നിരയും ഇന്ത്യക്കുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന പരമ്പര കനത്ത വെല്ലുവിളി ആയിരിക്കുമെന്നും ലാബുഷെയ്‌ൻ കൂട്ടിച്ചേർത്തു.
 
കരിയറിൽ വെറും 14 ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഐസിസിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ മൂന്നാം സ്ഥാനത്താണ്  ലാബുഷെയ്‌ൻ. ഇതിനകം തന്നെ ക്രിക്കറ്റിലെ മുൻനിര താരങ്ങളുമായാണ്  ലാബുഷെയ്‌നെ താരതമ്യപ്പെടുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article