ഐപിഎല്ലില്‍ കീപ്പറായി തന്നെ പന്ത് കളിക്കും, വാതില്‍ അടയുന്നത് സഞ്ജുവിന്റെയോ?

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (21:35 IST)
ജൂണ്‍ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇന്നും പ്രധാന തലവേദന സൃഷ്ടിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെ തിരെഞ്ഞെടുക്കും എന്നതിനെ പറ്റിയാണ്. ഐപിഎല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീം തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. നിലവില്‍ കെ എല്‍ രാഹുല്‍,ജിതേഷ് ശര്‍മ,സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ റിഷഭ് പന്ത് കളിക്കുമെന്ന് വ്യക്തമായതോടെ സാഹചര്യങ്ങള്‍ ആകെമൊത്തം മാറിയിരിക്കുകയാണ്.
 
പന്തിന് ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഐപിഎല്ലില്‍ ഇതോടെ താരം കളിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ താരം വിക്കറ്റിന് പിന്നില്‍ നില്‍ക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. ഐപിഎല്ലില്‍ പന്ത് മികച്ച പ്രകടനം നടത്തുകയും കീപ്പ് ചെയ്യാനുള്ള ഫിറ്റ്‌നസ് നേടുകയും ചെയ്താല്‍ ലോകകപ്പ് ടീമില്‍ പന്തിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് തന്നെയാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ സൂചന നല്‍കുന്നത്.
 
നിലവില്‍ പരിക്കിന്റെ പിടിയിലാണെങ്കിലും ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ വിക്കറ്റ് കീപ്പര്‍ താരമായി ടീമിലെത്താമെന്ന പ്രതീക്ഷയിലാണ് സീനിയര്‍ താരമായ കെ എല്‍ രാഹുല്‍. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. കീപ്പറെന്ന നിലയിലും ബാറ്റിംഗിലും രാഹുല്‍ തിളങ്ങിയിരുന്നു. രാഹുലിനും പന്തിനും പ്രത്യേക പരിഗണന ലഭിക്കുന്ന പക്ഷം ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാത്രമെ സഞ്ജുവിന് ടീമില്‍ വിളി ലഭിക്കുകയുള്ളു. അപ്പോഴും ജിതേഷ് ശര്‍മ താരത്തിന് വെല്ലുവിളിയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article