Pakistan Eliminated:മഴ കളിച്ചു, അയർലൻഡിനും പാകിസ്ഥാനെ രക്ഷിക്കാനായില്ല, ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും നാണംകെട്ട് പുറത്ത്
ടി20 ലോകകപ്പിലെ അയര്‍ലന്‍ഡ്- അമേരിക്ക പോരാട്ടം മഴ മൂലം മുടങ്ങിയതോടെ സൂപ്പര്‍ 8 കാണാതെ പുറത്തായി പാകിസ്ഥാന്‍. 2009ലെ ടി20 ലോകകപ്പ് ജേതാക്കളായ പാകിസ്ഥാന്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു. യുഎസിനോടും ഇന്ത്യയോടും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതിന് ശേഷമാണ് ഗ്രൂപ്പില്‍ തന്നെ പാകിസ്ഥാന്റെ പടിയിറക്കം. 2014ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ടി20 ലോകകപ്പില്‍ ഏറ്റവുമധികം സെമിഫൈനലുകളില്‍ കളിച്ച ടീമിനാണ് ഈ ദുര്‍ഗതി.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിതമായ തിരിച്ചടിയാണ് പാകിസ്ഥാന്റെ മടക്കത്തിന് കാരണമായത്. ഇന്ത്യക്കെതിരെ ജയിക്കാവുന്ന ഇടത്ത് നിന്നും പാകിസ്ഥാന്‍ മത്സരം കൈവിട്ടിരുന്നു. കാനഡയ്‌ക്കെതിരെ വിജയിച്ച പാകിസ്ഥാന് യുഎസ്എ- അയര്‍ലന്‍ഡ് മത്സരത്തില്‍ അയര്‍ലന്‍ഡ് വിജയിച്ചിരുന്നുവെങ്കില്‍ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ടിലെത്താന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ യുഎസ്എ- അയര്‍ലന്‍ഡ് മത്സരം മഴയെടുത്തതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി എന്ന നാണക്കേടും പാകിസ്ഥാന് സ്വന്തമായി.