പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ, കറാച്ചി ടെസ്റ്റിൽ ഓസീസിന് കൂറ്റൻ ലീഡ്

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (17:36 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാന് ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 556നെതിരെ പാകിസ്ഥാന് വെറും 148 റൺസ് നേടാനെ കഴിഞ്ഞുള്ളു. കറാച്ചിയില്‍ 407 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. മികച്ച ലീഡ് നേടാനായെങ്കിലും ഫോളോഓണിന് വിടാതെ ഓസീസ് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു. 
 
സ്‌കോര്‍ സൂചിപിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 42 റൺസുള്ളപ്പോൾ ആദ്യവിക്കറ്റ് നഷ്ടമായ പാകിസ്ഥാന് 76 റൺസെടുക്കുന്നതിനിടയിൽ 5 വിക്കറ്റുകൾ നഷ്ടമായി. ഒമ്പതിന് 118 എന്ന നിലയിൽ എത്തിയ പാകിസ്ഥാനെ അവസാന വിക്കറ്റില്‍ നൗമാന്‍ അലി (20)- ഷഹീന്‍ അഫ്രീദി (19) സഖ്യം കൂട്ടിചേര്‍ത്ത 30 റൺസാണ് 150 റൺസിനടുത്ത് എത്തിച്ചത്.
 
നേരത്തെ, എട്ടിന് 505 എന്ന നിലയില്‍ മൂന്നാംദിന ബാറ്റിംഗ് ആരംഭിച്ച ഓസീസ് 50 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഇന്ന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഓസ്ട്രേലിയക്ക് വേണ്ടി ഉസ്‌മാൻ ഖവാജ 160 റൺസ്, അലക്സ് ക്യാരി (93), സ്റ്റീവ് സ്മിത്ത് (72) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ നടുവൊടിച്ചത് പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമടങ്ങിയ ബൗളിങ് നിരയാണ്. മിച്ചൽ സ്റ്റാർക്ക് മൂന്നും ആദ്യ മത്സരത്തിനിറങ്ങിയ മിച്ചൽ സ്വീപ്‌സൺ രണ്ടും വിക്കറ്റ് നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article