പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ലങ്കന്‍ താരങ്ങള്‍; പിന്നില്‍ ഇന്ത്യയുടെ ഭീഷണിയെന്ന് പാക് മന്ത്രി

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (17:47 IST)
പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്‍മാറിയതിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) ഭീഷണിയാണെന്ന ആരോപണവുമായി പാക് മന്ത്രി ഫവദ് ഹുസൈന്‍.

ലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ എത്തുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചത് ബിസിസിഐയുടെ ഇടപെടല്‍ മൂലമാണ്. പാക് പരമ്പരയില്‍ പങ്കെടുത്താല്‍ ഐ പി എല്ലില്‍ പങ്കെടുപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തി. ഒരു സ്‌പോര്‍‌ട്‌സ് കമന്റേറ്ററാണ് തന്നോട് ഈ വിവരം പറഞ്ഞത്. ഇന്ത്യയുടേത് വിലകുറഞ്ഞ നടപടിയാണെന്നും ശാസ്ത്ര, സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയായ ഫവാദ് ഹുസൈൻ ചൗധരി പറഞ്ഞു.

സുരക്ഷാഭീതി കണക്കിലെടുത്ത് പാക് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ലസിത് മലിംഗ, ദിമുത് കരുണരത്‍നെ എന്നിവർ ഉൾപ്പെടെ 10 പേരാണ് പിന്മാറിയത്. തിസാര പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷൻ ഡിക്ക്‌വല്ല, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, അഖില ധനഞ്ജയ, സുരംഗ ലക്മൽ, ദിനേഷ് ചണ്ഡിമൽ എന്നിവരാണ് ലങ്കന്‍ ബോര്‍ഡിനെ വിസമ്മതം അറിയിച്ചത്.

ഈ മാസം 27നാണ് പരമ്പര തുടങ്ങേണ്ടത്. മൂന്നു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. മുതിര്‍ന്ന താരങ്ങള്‍ പിന്മാറിയതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സമ്മര്‍ദ്ദത്തിലായി.

അനുബന്ധ വാര്‍ത്തകള്‍

Next Article