'രക്ഷകന്‍' ശര്‍ദുല്‍; അന്ന് ട്രോളിയവരെല്ലാം ഇന്ന് നിശബ്ദര്‍, ഓവലിലെ വിജയശില്‍പി

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (09:25 IST)
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യയ്ക്കായി ശര്‍ദുല്‍ താക്കൂര്‍ അരങ്ങേറിയത്. ശര്‍ദുലിന്റെ അന്നത്തെ അരങ്ങേറ്റം ഏറെ വിവാദമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി ധരിച്ചാണ് അന്ന് താക്കൂര്‍ കളിക്കാനിറങ്ങിയത്. സച്ചിന്റെ വിഖ്യാതമായ പത്താം നമ്പര്‍ കേവലം ഒരു അരങ്ങേറ്റക്കാരന്‍ ധരിച്ചത് ആരാധകര്‍ക്ക് പിടിച്ചില്ല. 
 
സച്ചിന്‍ വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സച്ചിനോടുള്ള ആദരസൂചകമായാണ് ബിസിസിഐ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍, ശര്‍ദുല്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞെത്തിയതോടെ സച്ചിന്‍ ആരാധകര്‍ അടക്കം അസ്വസ്ഥരായി. പിന്നീട് ശര്‍ദുലില്‍ നിന്ന് ബിസിസിഐ പത്താം നമ്പര്‍ തിരിച്ചുവാങ്ങി. 
 
നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ശര്‍ദുല്‍ ഓവലില്‍ നില്‍ക്കുന്നത് ഇന്ത്യയുടെ രക്ഷകനായാണ്. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ അടക്കം പരാജയപ്പെട്ടിടത്ത് ശര്‍ദുല്‍ രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്സില്‍ 36 പന്തില്‍ നിന്ന് 57 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 72 പന്തില്‍ നിന്ന് 60 റണ്‍സും ! 
 
മത്സരം സമനിലയിലാക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് താക്കൂറിന്റെ ബൗളിങ്ങും ! 78 പന്തില്‍ 36 റണ്‍സുമായി ക്രീസില്‍ പതുക്കെ നങ്കൂരമിടാന്‍ തുടങ്ങിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. അര്‍ധ സെഞ്ചുറി നേടി ഇംഗ്ലണ്ടിന് നല്ല തുടക്കം നല്‍കിയ റോറി ബേണ്‍സിനെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് കൂടാരംകയറ്റിയും താക്കൂര്‍ തന്നെ. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ഒലി പോപ്പിനെ 81 റണ്‍സില്‍ മടക്കിയതും ഇതേ താക്കൂര്‍ ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article