ഗെയിലിന്റെ സ്വപ്‌നം തകര്‍ത്ത് സെലക്‍ടര്‍മാര്‍; ടെസ്‌റ്റ് ടീമില്‍ യൂണിവേഴ്‌സല്‍ ബോസിന് ഇടമില്ല

ശനി, 10 ഓഗസ്റ്റ് 2019 (15:27 IST)
ഇന്ത്യക്കെതിരെ ഒരു ടെസ്‌റ്റ് മത്സരം കളിച്ച് വിരമിക്കാനുള്ള വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ആഗ്രഹത്തിന് വിലങ്ങിട്ട് സെലക്‍ടര്‍മാര്‍.

ഐ സി സി ടെസ്‌റ്റ് ചാമ്പ്യന്‍‌ഷിപ്പിന്റെ ഭാഗമായി ഇന്ത്യക്കെതിരെ നടക്കേണ്ട ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ളാ 13 അംഗ ടീമില്‍ നിന്നും സൂപ്പര്‍ താരത്തെ സെലക്‍ടര്‍മാര്‍ തഴഞ്ഞു.

ഗെയിലിന് അവസരം നല്‍കേണ്ട എന്ന നിലപാടാണ് സെലക്‍ടര്‍മാര്‍ സ്വീകരിച്ചത്. സൂപ്പര്‍‌താരത്തെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് സെലക്‍ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ലോകകപ്പോടെ വിരമിക്കുമെന്ന് പറഞ്ഞിരുന്ന ഗെയ്ല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ഒരു ടെസ്റ്റിലെങ്കിലും കളിച്ച ശേഷം വിരമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യൂണിവേഴ്‌സല്‍ ബോസിന്റെ ഈ ആവശ്യത്തെയാണ് വിന്‍ഡീസ് സെലക്‍ടര്‍മാര്‍ തള്ളിയത്. ഇതോടെ, എകദിന പരമ്പരയ്‌ക്ക് പിന്നാലെ ഗെയില്‍ വിരമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഡാരെന്‍ ബ്രാവോ, ഷമറ ബ്രൂക്സ്, ജോണ്‍ കാംബെല്‍, റോസ്റ്റണ്‍ ചെയ്‌സ്, റഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡോര്‍വിച്ച്, ഷാനന്‍ ഗബ്രിയേല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമാര്‍ റോച്ച്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍