കുട്ടി ക്രിക്കറ്റില്‍ പ്രവചനത്തിനു സ്ഥാനമില്ലെന്ന് വ്യക്‌തമാക്കുന്ന കുതിപ്പായിരുന്നു കഴിഞ്ഞ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് കാഴ്‌ചവച്ചത്. ആദ്യ ആറു റൗണ്ട് കഴിഞ്ഞപ്പോള്‍ അവസാന സ്‌ഥാനക്കാരായിരുന്ന മുംബൈ പിന്നീട് തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവില്‍ ലീഗിലെ ശക്‌തരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ തോല്‍പിച്ച് കിരീടം ഉയര്‍ത്തിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടു നിന്നത്. അതേ കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഒമ്പതിന് ഉദ്‌ഘാടന മത്സരത്തിന് തയാറെടുക്കുന്നത്.
ഐ പി എല്‍ 2016 സീസണിന്റെ ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നവാഗതരായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍. കരുത്തുറ്റ നിരയുമാണ് മുംബൈ ഇക്കുറി കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഉന്മുക്‌ത് ചന്ദ്, അമ്പാട്ടി റായിഡു, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയും ലസിത് മലിംഗ, ജസ്‌പ്രീത് ബുംറ, മിച്ചല്‍ മക്‌ഗ്ലെനഗന്‍ ടീം സൗത്തി, ഹര്‍ഭജന്‍ സിങ് എന്നിവരണിനിരക്കുന്ന ബൗളിങ് നിരയുമാണ് മുംബൈയുടെ കരുത്ത്. ഓള്‍റൗണ്ടര്‍മാരായി ഹര്‍ദ്ദിക് പാണ്ഡ്യ, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ സാന്നിധ്യവും അവരെ കരുത്തരാകുന്നു.
അതേസമയം ബൗളിങ്ങ് കുന്തമുനയായ ലസിത് മലിംഗയുടെ പരുക്ക് ഇതുവരേയും മാറിയിട്ടില്ലയെന്നത് അവരെ വലയ്‌ക്കുന്നു. പരുക്കീറ്റതിനെ തുടര്‍ന്ന് മലിംഗയ്‌ക്ക് കഴിഞ്ഞ ലോകകപ്പ് നഷ്‌ടമായിരുന്നു. ഉദ്‌ഘാടന മത്സരത്തില്‍ മലിംഗ കളിക്കുമോയെന്നത് സംബന്ധിച്ച് ഇതുവരേയും തീരുമാനമായിട്ടില്ല.