ധോണി വിരമിച്ചേനെ; പക്ഷേ, പന്തിന്റെ പേരില്‍ ചില ‘കളികള്‍’ നടന്നു, അതോടെ തീരുമാനം മാറ്റി!

Webdunia
ചൊവ്വ, 23 ജൂലൈ 2019 (17:57 IST)
ലോകകപ്പ് സെമിയില്‍ വിരാട് കോഹ്‌ലിയും തോല്‍‌വി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ വിഷയമാണ് ടീം ഇന്ത്യക്ക് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കന്‍ പ്രഖ്യാപനം ഉടന്‍ നടത്തുമോ ഇല്ലയോ എന്നത്.

ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അങ്ങനെയൊരു തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകളും പുറത്തുവന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ബി സി സി ഐയും ഇക്കാര്യത്തില്‍ മൌനം പാലിച്ചു. വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്തില്ലെന്നും അതോടെ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നുള്ള വാര്‍ത്തകളും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

എന്നാല്‍, അപ്രതീക്ഷിത തീരുമാനത്തിലൂടെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന ധോണി ഇവിടെയും ഒരു തീരുമാനമെടുത്തു. വിന്‍ഡീസ് പര്യടനത്തിന് താനില്ല, പകരം രണ്ടു മാസത്തെ സൈനിക സേവനത്തിനായി ഈ സമയം ചെലവഴിക്കും. ഇതോടെ കരീബിയന്‍ ടൂറിനുള്ള ടീമില്‍ ധോണിക്ക് പകരം ഋഷഭ് പന്തിനെ ടീം ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു.

അവിടെയും, അധികമാരും അറിയാത്തെ ട്വിസ്‌റ്റ് സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്നത് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നാണ് ഏറ്റവും പുതിയ വിവരം.

വരാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പ് മുന്നില്‍ക്കണ്ട് പന്തിനെ വളര്‍ത്തിയെടുക്കാന്‍ ധോണിയെ മാനേജ്‌മെന്റ് നിയോഗിക്കുകയായിരുന്നു. ഉടന്‍ വിരമിക്കരുതെന്നും ഒരു മാര്‍ഗദര്‍ശിയെന്ന നിലയിലും ബാക്കപ്പ് എന്ന നിലയിലും ടീമില്‍ തുടരണമെന്നും ആവശ്യപ്പെട്ടു.

ഏതെങ്കിലും സാഹചര്യത്തില്‍ പന്തിന് പരുക്കേറ്റാല്‍ ധോണിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ടീമിനില്ല. ഇക്കാരണത്താല്‍ കടുത്ത തീരുമാനങ്ങളൊന്നും പാടില്ലെന്ന് ധോണിയെ ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെയാണ് മുന്‍ നായകന്‍ വിരമിക്കന്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കോഹ്‌ലിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article