ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ മോണി മോര്‍ക്കല്‍ പരിഗണനയില്‍. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണ് മോര്‍ക്കലിന്റെ പേര് നിര്‍ദേശിച്ചതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ എന്നിവരും ബൗളിങ് പരിശീലക സ്ഥാനത്തേക്കുള്ള പരിഗണന പട്ടികയില്‍ ഉണ്ട്. ബിസിസിഐയുടേതായിരിക്കും അന്തിമ തീരുമാനം.
ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളായി ഗംഭീറും മോര്‍ക്കലും ഒന്നിച്ചു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗംഭീര്‍ ലഖ്‌നൗവിന്റെ മെന്റര്‍ ആയിരുന്ന സമയത്ത് മോര്‍ക്കല്‍ ബൗളിങ് പരിശീലകനായിരുന്നു. ഈ സൗഹൃദമാണ് മോണി മോര്‍ക്കലിന്റെ പേര് നിര്‍ദേശിക്കാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി 83 ടെസ്റ്റുകള്‍ കളിച്ച മോര്‍ക്കല്‍ 294 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 117 ഏകദിനങ്ങളിലും 44 ട്വന്റി20 മല്‍സരങ്ങളിലും കളിച്ചു. എല്ലാ ഫോര്‍മാറ്റിലുമായി ആകെ വീഴ്ത്തിയത് 529 വിക്കറ്റുകള്‍.