അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്ക് മാറി ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും ഷമിക്ക് നീണ്ട സ്‌പെല്ലുകള്‍ എറിയാനുള്ള മാച്ച് ഫിറ്റ്‌നസ് ഇല്ലെന്ന് ബിസിസിഐയുടെ മെഡിക്കല്‍ ടീം അറിയിച്ചതോടെയാണ് സെലക്ടര്‍മാര്‍ നിലപാട് അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് ഷമിയെ പരിഗണിക്കുന്നുല്ലെങ്കില്‍ അര്‍ഷദീപ് സിംഗിനെയോ അന്‍ഷുല്‍ കാംബോജിനെയോ ആകും പകരക്കാരായി ടീമിലേക്ക് പരിഗണിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി 3 ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാനുള്ള ശാരീരിക ക്ഷമത തനിക്കില്ലെന്ന് ബുമ്രയും സെലക്ടര്‍മാരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഷമിയെ കൂടി ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തുന്നത് ആത്മഹത്യാപരമാകുമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കിന്റെ പിടിയിലായ ഷമി ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും ഹൈദരാബാദിനായി തിളങ്ങാന്‍ താരത്തിനായിരുന്നില്ല.