ടെസ്റ്റിൽ വിജയിക്കാൻ നിങ്ങളുടെ 6 ബാറ്റർമാരിൽ നാല് പേരെങ്കിലും വലിയ സ്കോർ നേടേണ്ടതുണ്ട്, ഇംഗ്ലണ്ടിൽ കോലി തിളങ്ങുമെന്ന് ഗാംഗുലി

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (19:24 IST)
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം 2 മാസം നീളുന്ന ഐപിഎല്ലിന് പിന്നാലെയാണ്. ഐപിഎല്ലിന് ശേഷം ജൂണ്‍ മാസത്തിലാണ് പിന്നീട് ഇന്ത്യയുടെ മത്സരങ്ങള്‍. ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി അടിയറവ് വെച്ചതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. സമീപകാലത്ത് ടെസ്റ്റിലേറ്റ നാണക്കേട് മായ്ച്ചുകളയാന്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ടതുണ്ട്.
 
 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിക്കണമെങ്കില്‍ നാല് ഇന്ത്യന്‍ ബാറ്റര്‍മാരെങ്കിലും 50 റണ്‍സ് ശരാശരിയില്‍ ബാറ്റ് വീശണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി പറയുന്നത്. നിലവില്‍ ജയ്‌സ്വാളും വിരാട് കോലിയും മാത്രമാണ് 40ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് ചെയ്യുന്നത്. മികച്ച 6 ബാറ്റര്‍മാരില്‍ മൂന്നോ നാലോ പേര്‍ 50 ശരാശരി നേടിയാലെ ടെസ്റ്റില്‍ വിജയിക്കാനാവു. ഇതിനായി ജയ്‌സ്വാള്‍,കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാകു.
 
 വിരാട് കോലിയാണ് ടെസ്റ്റില്‍ നമ്മുടെ മികച്ച പ്ലെയര്‍. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളിലും കോലി പരാജയപ്പെടുമെന്ന് കരുതുന്നില്ല. വിദേശത്ത് ടെസ്റ്റില്‍ 40 ല്‍ കൂടുതല്‍ ശരാശരി കോലിയ്ക്കും ജയ്‌സ്വാളിനുമാണുള്ളത്.  ഇംഗ്ലണ്ടില്‍ വിജയിക്കണമെങ്കില്‍ 3-4 താരങ്ങള്‍ മികച്ച സ്‌കോറുകള്‍ നേടിയെ മതിയാകു. ഞങ്ങളുടെ കാലത്ത് മത്സരങ്ങള്‍ വിജയിച്ചത് വലിയ സ്‌കോറുകള്‍ നേടാനായത് കൊണ്ടാണ്. ഓസ്‌ട്രേലിയയില്‍ സമനില പിടിച്ചു, പാകിസ്ഥാനില്‍ 600 റണ്‍സ് മുള്‍ട്ടാനില്‍ നേടി. ലാഹോറില്‍ 400, റാവല്‍പിണ്ടിയില്‍ 700 റണ്‍സ് നേടി. ബ്രിസ്‌ബെയ്‌നില്‍ 500, അഡലെയ്ഡില്‍ 500,സിഡ്‌നിയില്‍ 700 എന്നിങ്ങനെയായിരുന്നു ഞങ്ങളുടെ സ്‌കോറുകള്‍. ഇങ്ങനെ ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ വലിയ സ്‌കോറുകള്‍ വേണം. 200,250,180 റണ്‍സ് കൊണ്ട് നിങ്ങള്‍ക്കത് സാധിക്കില്ല. ഗാംഗുലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍