ടീം ഇന്ത്യക്ക് രണ്ട് ലോക കിരീടങ്ങള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ ക്യാപ്‌റ്റന്‍ സ്‌ഥാനത്തു നിന്നും നീക്കിയ ഐപിഎല്‍ ടീം റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദിന്‍ രംഗത്ത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ രത്‌നമായ ധോണിയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയ നടപടി മൂന്നാം കിട പരിപാടിയാണ്. തീരുമാനം നടപ്പാക്കിയ രീതി അത്രയ്‌ക്കും മോശമാണ്. ക്ല്ബ്ബിന്റെ ഈ നടപടികളില്‍ മുന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ ദുഖിതനും രോഷാകുലനുമാണെന്നും അസറുദ്ദിന്‍ വ്യക്തമാക്കി.
സ്വന്തം പണം കൊണ്ടാണ് ടീം ഉണ്ടാക്കിയതെന്ന് ക്ല്ബ്ബ് അധികൃതര്‍ക്ക് പറയാമെങ്കിലും ധോണിയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കും മുമ്പ് അദ്ദേഹത്തിന്റെ നിലയും വിലയും പരിഗണിക്കാമായിരുന്നു. മാന്യമായ വിടവാങ്ങലായിരുന്നു അദ്ദേഹത്തിന് നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ 7-8 വര്‍ഷം നായകനെന്ന നിലയില്‍ എല്ലാം നേടിയ താരമാണ് ധോണിയെന്നത് അവര്‍ മറന്നുവെന്നും അസറുദ്ദിന്‍ കൂട്ടിച്ചേര്‍ത്തു.
ടീം മികച്ച പ്രകടനം പുറത്തെടുക്കാത്തതിന് ധോണിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധോണി മികച്ച നായകന്‍ അല്ലായിരുന്നുവെങ്കില്‍ രണ്ട് ഐപിഎല്‍ കിരീടം നേടാനാകുമായിരുന്നോ എന്നും മുന്‍ ഇന്ത്യന്‍ നായകന്‍ ചോദിച്ചു.