ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. ബാറ്റിങ്ങിൽ ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായ വിരാട് കോലിയും കെയ്‌ൻ വില്യംസണും മാറ്റുരയ്‌ക്കുമ്പോൾ ബൗളർമാരുടെ പോരാട്ടം ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയും കിവീസിന്റെ ട്രെന്റ് ബോൾട്ടും തമ്മിലാണ്.
കിവികൾക്കായി 71 ടെസ്റ്റുകള്‍ കളിച്ച ബോള്‍ട്ട് 281 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ബോള്‍ട്ടിന് സാധിച്ചു. 30 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.ന്യൂസിലൻഡ് പിച്ചിന് സമാനമായ ഇംഗ്ലീഷ് പിച്ചിൽ ബോൾട്ട് അപകടകാരിയാകാനും സാധ്യതയേറെ അതേസമയം 71 ടെസ്റ്റുകളുടെ മത്സരപരിചയവും ബോൾട്ടിന് കരുത്താകും.
മറുവശത്ത് ബുംറയാകട്ടെ 19 ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. 83 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ഒരു തവണപോലും 10 വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല. 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിചയസമ്പത്തും യുവത്വവും നേർക്ക് നേർ വരുമ്പോൾ ഇവരിൽ ആര് മുൻതൂക്കം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.