ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ആസ്ട്രേലിയയുടെ മൈക്കിള്‍ ക്ളാർക്കും വിരമിക്കുന്നു

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (10:28 IST)
ലോക ക്രിക്കറ്റില്‍ തലയെടുപ്പുള്ള രണ്ട് പ്രതിഭകള്‍ തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സ്വയം വിരമിക്കുന്നു. ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ആസ്ട്രേലിയയുടെ മൈക്കേൽ ക്ളാർക്കുമാണ് ഇന്നത്തെ മത്സരങ്ങളൊടെ പാഡഴിക്കുന്നത്. മൈക്കേൽ ക്ളാർക്ക് എന്ന മുൻ ശുണ്ഠിക്കാരൻ തീർത്തും അപ്രതീക്ഷിതമായാണ് വിരമിക്കൽ  പ്രകടിപ്പിക്കുന്നത്. ഇത്തവണത്തെ ആഷസിലെ പരാജയം ക്ളാർക്കിനെക്കൊണ്ട് കടുത്ത തീരുമാനമെടുപ്പിച്ചുവെന്നുവേണം പറയാൻ.

38 കാരനായ സംഗക്കാര ഇന്ന് പാഡണിയുന്നത് തന്റെ 134-മത്തെ ടെസ്റ്റ് മത്സരത്തിനാണ്. ഇന്നത്തെ മത്സരം കഴിയുന്നതൊടെ സംഗക്കാര വിരമിക്കും. ഇതൊടെ ലങ്കന്‍ ക്രിക്കറ്റില്‍ വലിയശൂന്യതയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതുവരെ കളിച്ച 133 ടെസ്റ്റുകളിലെ 231 ഇന്നിംഗ്സുകളിൽനിന്ന് 12350 റണ്ണാണ് സംഗക്കാരയുടെ സമ്പാദ്യം.ടെസ്റ്റിൽ 38 സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും സംഗക്കാര നേടിയിട്ടുണ്ട്. 5771 ആണ് ശരാശരി. വിക്കറ്റിന് പിന്നിൽ 182 ക്യാച്ചുകളെടുത്തു. 20 സ്റ്റംപിംഗുകൾ നടത്തി. 10 തവണ ഇരട്ട സെഞ്ച്വറി കടന്നു. 319 റണ്ണാണ് ഉയർന്ന സ്കോർ.

ലങ്കൻ ക്രിക്കറ്റിനെ ഉണർത്തിവിട്ട രണതുംഗയും ജയസൂര്യയും പടിയിറങ്ങിയപ്പോൾ  പകരമെത്തിയവരാണ് സംഗക്കാരയും മഹേലയും. മഹേല ജയവര്‍ധനെ നേരത്തെ പടിയിറങ്ങി. ഇനി സംഗക്കാരയും. ലങ്കന്‍ ക്രിക്കറ്റ്ന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നിരാശയയുടെ കാലഘട്ടത്തിന്റെ തുടക്കമാകും. റിക്കിപോണ്ടിംഗ് എന്ന ഇതിഹാസ താരത്തിന്റെ പിന്നണിയിൽനിന്ന്  പയറ്റിത്തെളിഞ്ഞാണ് ക്ളാർക്ക് ആസ്ട്രേലിയൻ ക്യാപ്ടൻസിയിലേക്ക്  വരുന്നത്. പോണ്ടിംഗിൽനിന്ന് സ്വാഭാവികമായി എത്തിയ ക്യാപ്ടൻസിയോട് നീതി പുലർത്താൻ ക്ളാർക്കിന് കഴിഞ്ഞു.

ആഷസിലും ലോകകപ്പിലും ക്ളാർക്കിന്റെ നായകത്വത്തിൽ ഓസീസിന് കഴിഞ്ഞു. എന്നാൽ കരിയറിലുടനീളം ക്ളാർക്കിന് വെല്ലുവിളി പരിക്കായിരുന്നു. ഇതിനിടയിലും 114 ടെസ്റ്റുകളിൽനിന്ന്  8628 റൺ ക്ളാർക്ക് നേടിയെടുത്തു. 28 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും. 245 ഏകദിനങ്ങളിൽനിന്ന് എട്ട് സെഞ്ച്വറികളുടെ അകമ്പടിയോടെ 7981 റൺ. ടെസ്റ്റിൽ 31 വിക്കറ്റുകൾക്കും ഏകദിനത്തിൽ 57 വിക്കറ്റുകൾക്കും ഉടമയായി.