Kohli Relevation:സമീപകാലത്ത് ഞാൻ ആക്രമണോത്സുകത കൃത്രിമമായി സൃഷ്ടിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു: വിരാട് കോലി

ഞായര്‍, 28 ഓഗസ്റ്റ് 2022 (12:34 IST)
അടുത്തിടെയായി ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് കളിക്കാനാവത്തതിനെ തുടർന്ന് താൻ നേരിട്ട മാനസികസമ്മർദ്ദത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. തൻ്റെ ആക്രമണോത്സുകത പലപ്പോഴും താൻ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു എന്ന് തനിക്ക് ഈയിടെയായി ബോധ്യപ്പെട്ടെന്ന് ഏഷ്യാക്കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി കോലി പറഞ്ഞു.
 
കളിക്കളത്തിൽ നിന്നും 42 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ഇന്ന് പാകിസ്ഥാനെതിരെ കളിക്കുന്നത്. തൻ്റെ ജീവിതക്കാലത്തിനിടയിൽ ആദ്യമായാണ് ഒരുമാസക്കാലം താൻ ബാറ്റുമായി ബന്ധമില്ലാതെ ഇരിക്കുന്നതെന്ന് കോലി പറഞ്ഞു. ഈ സമയത്താണ് ഞാൻ എൻ്റെ ആക്രമണോത്സുകത പലപ്പോഴും കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന് ബോധ്യപ്പെട്ടത്. ഇല്ല എനിക്കത് ചെയ്യാനാകും. മത്സരബുദ്ധിയുണ്ടെന്നും നിങ്ങളോട് തന്നെ നിങ്ങൾക്കതിനുള്ള പ്രാപ്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനും എനിക്കാകും. എന്നാൽ എൻ്റെ ശരീരം എന്നോട് നിർത്താൻ പറയുന്നു. ഒരു ബ്രേക്ക് എടുത്ത് മാറിനിൽക്കാൻ എൻ്റെ ഹൃദയം എന്നോട് പറയുന്നു.
 
നിങ്ങൾ ഫിറ്റാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നിങ്ങൾക്കത് അവഗണിക്കാം. നിങ്ങൾ സ്വയം കഠിനാധ്വാനം ചെയ്യുന്നു, നിങ്ങൾ മാനസികമായി ഫിറ്റായതിനാൽ നിങ്ങൾ സുഖപ്പെടും. വളരെയധികം മാനസികമായി ശക്തനായ ഒരാളാണ് ഞാനെന്നാണ് എല്ലാവരും എന്നെ പറ്റി കരുതുന്നത്. അതേ ഞാൻ കരുത്തനാണ്. പക്ഷേ എല്ലാവർക്കും ഒരു പരിധിയുണ്ട്. അത് നിങ്ങൾ തിരിച്ചറിയണം. അതല്ലെങ്കിൽ കാര്യങ്ങൾ അനാരോഗ്യകരമാകും. ഈ സമയം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അതെല്ലാം തന്നെ ഞാൻ സ്വീകരിക്കുന്നു. യാർ.. നിങ്ങളുടെ പ്രൊഫഷൻ്റെ മുകളിൽ നിങ്ങൾക്കൊരു ജീവിതമുണ്ട്. നിങ്ങൾക്കു ചുറ്റുമുള്ളവരെല്ലാം നിങ്ങളെ ഒരു പ്രൊഫഷണലായി മാത്രം കാണുമ്പോൾ ഇതിനിടയിൽ എവിടെയോ നിങ്ങൾ മനുഷ്യനാണെന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ് കോലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍