ലോകകപ്പിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു, ഇന്ത്യ പാക് മത്സരം വൈകീട്ട് 7:30ന്

ഞായര്‍, 28 ഓഗസ്റ്റ് 2022 (08:37 IST)
ലോകകപ്പിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ പാകിസ്ഥാനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു. ഏഷ്യാക്കപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. വൈകീട്ട് 7:30 മുതൽ ദുബായിലാണ് മത്സരം.
 
ദുബായിൽ കഴിഞ്ഞവർഷം നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനോടെതിരായ ഇന്ത്യയുടെ ആദ്യ തോൽവിയായിരുന്നു അത്. ലോകകപ്പ് തോൽവിക്ക് പിന്നാലെ വിരാട് കോലി ഇന്ത്യൻ നായകസ്ഥാനം ഒഴിയുകയും രോഹിത് ചുമതല ഏൽക്കുകയും ചെയ്തിരുന്നു.
 
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പും അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് രോഹിതിനെ നായകനാക്കിയത്. ടി20 ലോകകപ്പിന് മുന്നെ നടക്കുന്ന സുപ്രധാനമായ ടൂർണമെൻ്റാണ് ഇത് എന്നതിനാൽ കിരീടവിജയം തന്നെയാണ് രോഹിത് ലക്ഷ്യമിടുന്നത്. അതേസമയം 42 ദിവസത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കോലിക്ക് വിമർശകർക്ക് മറുപടി നൽകാനാവുന്ന അവസരം കൂടിയാകും ഇന്നത്തെ മത്സരം.
 
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തില്‍ പ്രധാനപങ്കുവഹിച്ച ഇടംകൈയന്‍ പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി പരിക്ക് മൂലം ഇന്ന് കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ പ്രധാനപേസറായ ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാണ്. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക.സ്പിന്‍ ബൗളര്‍മാരായി ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ് എന്നിവർ ടീമിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍