ടി20യിൽ കോലി ബിസിസിഐ പരിഗണനയിലില്ല, രോഹിത്തിന് അടുത്ത ടി20 ലോകകപ്പ് വരെ അവസരം

വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:38 IST)
അടുത്തവര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയ്ക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റില്‍ സീനിയര്‍ താരങ്ങളുടെ ഭാവി ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും യോഗം ചേരാറുണ്ട്. കോലിയെ ഇനി ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം സെലക്ടര്‍മാര്‍ക്ക് ഉണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും ഉടനെ കോലിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ലോകകപ്പ് ഫൈനലിലെ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടുന്ന സംഘം നായകന്‍ രോഹിത് ശര്‍മയുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ടി20 ക്രിക്കറ്റില്‍ രോഹിത്തിന്റെയും കോലിയുടെയും സ്ഥാനത്തെ പറ്റി വലിയ ചര്‍ച്ച നടന്നിരുന്നു. ഏകദിന ലോകകപ്പില്‍ നായകനായി തിളങ്ങിയ രോഹിത് ശര്‍മയ്ക്ക് ടി20യില്‍ അവസരം നല്‍കാന്‍ ബിസിസിഐ തയ്യാറാണ്. എന്നാല്‍ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന മൂന്നാം നമ്പറുകാരനെയാണ് ടീം പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ കോലിയെ ടി20 ഫോര്‍മാറ്റില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.
 
ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് വരെയും രോഹിത്തിനെ ടീം പരിഗണിക്കുമെന്നും കോലിയ്ക്ക് ടി20 ഫോര്‍മാറ്റില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പിന് മുന്‍പായി നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിലെ ഫോം അതിനാല്‍ തന്നെ കോലിയെ സംബന്ധിച്ച് നിര്‍ണായകമാകും. രോഹിത് ടി20യില്‍ തിരിച്ചെത്തുകയും കോലി ടീമിലില്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ യശ്വസി ജയ്‌സ്വാളോ, ഇഷാന്‍ കിഷനോ ആകും ടി20 ഫോര്‍മാറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനത്തിറങ്ങുക. കോലിയുമായി കൂടിക്കാഴ്ച നടത്തിയാകും ടി20യിലെ താരത്തിന്റെ ഭാവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍