ഓസ്‌ട്രേലിയക്കെതിരായ പരിശീലന മത്സരത്തില്‍ വിരാട് കോലി ബൗളറുടെ വേഷത്തിലെത്തിയത് രോഹിത് ശര്‍മയുമായി ആലോചിച്ച ശേഷം. ആറാം ബൗളര്‍ എന്ന തലവേദന ഇന്ത്യയെ വേട്ടയാടുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ ഇതുവരെ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വിരാട് കോലി പന്തെറിയാനെത്തിയത്. പരീക്ഷണത്തിനു തയ്യാറാണോയെന്ന് ഓസ്‌ട്രേലിയക്കെതിരായ പരിശീലന മത്സരത്തിനിടെ കോലിയോട് രോഹിത് ശര്‍മ ചോദിക്കുകയായിരുന്നു. കോലി ടീമില്‍ ഉള്ളപ്പോഴും ഇന്നലെത്തെ മത്സരത്തില്‍ രോഹിത് ആണ് ഇന്ത്യയെ നയിച്ചത്. രോഹിത്തിന്റെ ചോദ്യത്തോട് വളരെ പോസിറ്റീവ് ആയി കോലി പ്രതികരിക്കുകയായിരുന്നു. പന്തെറിഞ്ഞു നോക്കാന്‍ താന്‍ തയ്യാറാണെന്ന് കോലി വ്യക്തമാക്കി.
ഓരോവര്‍ മാത്രം കോലിയെ കൊണ്ട് എറിഞ്ഞു നോക്കാനാണ് രോഹിത് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, മികച്ച രീതിയില്‍ കോലി പന്തെറിയുകയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുകയും ചെയ്തതോടെ ഒരു ഓവര്‍ കൂടി കോലിക്ക് നല്‍കി രോഹിത് ശര്‍മ പരീക്ഷണം ആവര്‍ത്തിച്ചു. ഇത്തവണയും കോലി നിരാശപ്പെടുത്തിയില്ല.
ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്പോള്‍ ഏഴാം ഓവറിലാണ് കോലി എറിയാനെത്തിയത്. ഗ്ലെന്‍ മാക്‌സ്വെല്ലും സ്റ്റീവ് സ്മിത്തുമായിരുന്നു ഈ സമയത്ത് ക്രീസില്‍. രണ്ട് പേരും മികച്ച ബാറ്റര്‍മാര്‍. എന്നാല്‍, ആദ്യ ഓവറില്‍ കോലി വിട്ടുകൊടുത്തത് നാല് റണ്‍സ് മാത്രം. മത്സരം 13-ാം ഓവറിലെത്തിയപ്പോള്‍ രോഹിത് വീണ്ടും കോലിക്ക് ബോള്‍ കൊടുത്തു. ഇത്തവണ വിട്ടുകൊടുത്തത് എട്ട് റണ്‍സ് മാത്രം. മീഡിയം പേസ് ബോളുകളാണ് കോലി എറിയുന്നത്.