India vs England: രാഹുകാലം തെളിഞ്ഞു, കെ എൽ രാഹുലിന് സെഞ്ചുറി, കൂട്ടിന് ഡബിൾ സ്ട്രോങ്ങായി റിഷഭ് പന്തും, ഇന്ത്യ ശക്തമായ നിലയിൽ

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (19:16 IST)
KL Rahul Century
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയുമായി കളം പിടിച്ച് കെ എല്‍ രാഹുല്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 465 റണ്‍സിന് മടങ്ങിയപ്പോള്‍ 6 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും നാലാം ഇന്നിങ്ങ്‌സില്‍ ഒന്നിച്ച റിഷഭ് പന്ത്- കെ എല്‍ രാഹുല്‍ കൂട്ടുക്കെട്ട് ടീമിനെ ശക്തമായ നിലയിലെത്തിച്ചു.
 
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഉലയാതെ കാത്ത് നിന്ന കെ എല്‍ രാഹുല്‍ മനോഹരമായ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. 202 പന്തുകളില്‍ നിന്നാണ് രാഹുലിന്റെ സെഞ്ചുറി. ആദ്യ ഇന്നിങ്ങ്‌സില്‍ നന്നായി തുടങ്ങിയെങ്കിലും 42 റണ്‍സിന് താരം മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് രാഹുലിന്റെ സെഞ്ചുറി. മത്സരത്തിന്റെ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ശക്തമായ വിജയലക്ഷ്യം വെയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നാനൂറിന് മുകളിലുള്ള വിജയലക്ഷ്യമാകും ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വെയ്ക്കുക. 
 
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 62 ഓവറില്‍ 234 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 202 പന്തില്‍ 100 റണ്‍സുമായി കെ എല്‍ രാഹുലും 99 പന്തില്‍ 82 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍