ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം കെ.എല്‍.രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ മെല്ലെപ്പോക്കിനു പലതവണ പഴികേട്ട രാഹുല്‍ കാന്‍പൂര്‍ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായാണ് ആരാധകരെ അതിശയിപ്പിച്ചത്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഏകദിന ശൈലിയില്‍ കളിക്കുന്ന രാഹുല്‍ ടെസ്റ്റില്‍ ട്വന്റി 20 കളിക്കുകയാണല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.
വെറും 33 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയത്. 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 68 റണ്‍സെടുത്താണ് താരം പുറത്തായത്. 158.14 ആണ് സ്‌ട്രൈക് റേറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ നേടുന്ന അതിവേഗ അര്‍ധ സെഞ്ചുറിയാണിത്. രാഹുലിന്റെ ഈ മനോഭാവമാണ് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്ക് ആവശ്യമെന്ന് ആരാധകര്‍ പറയുന്നു.
2023 ലെ ഏഷ്യാ കപ്പ് മുതല്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ രാഹുലിന് സാധിക്കുന്നുണ്ട്. 28 ഇന്നിങ്‌സുകളില്‍ നിന്ന് 56.76 ശരാശരിയില്‍ 1,192 റണ്‍സാണ് ഈ കാലയളവില്‍ രാഹുല്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. മൂന്ന് സെഞ്ചുറി, ഏഴ് അര്‍ധ സെഞ്ചുറി എന്നിവ ഉള്‍പ്പെടെയാണിത്. സെല്‍ഫിഷ് ക്രിക്കറ്റര്‍ എന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു രാഹുലിന്റെ രണ്ടാം വരവിലെ മിക്ക ഇന്നിങ്‌സുകളും. ഈ മനോഭാവം തുടരുകയാണെങ്കില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ രാഹുല്‍ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാകുമെന്നും ആരാധകര്‍ പറയുന്നു.