വെടിക്കെട്ട് പ്രകടനം വെറുതെയല്ല, ബംഗ്ലാദേശിനെതിരെ സമനില ഇന്ത്യയ്ക്ക് താങ്ങാനാവില്ല, കാരണങ്ങൾ ഏറെ

അഭിറാം മനോഹർ

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (21:03 IST)
Indian team, Test cricket
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ അനായാസം തകര്‍ത്ത ഇന്ത്യ രണ്ടാം ടെസ്റ്റിലും അനായാസ വിജയമാണ് പ്രതീക്ഷിച്ചതെങ്കിലും കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് മഴ വെല്ലുവിളിയായപ്പോള്‍ 3 ദിവസങ്ങളോളമാണ് നഷ്ടമായത്. ഇതോടെ ടെസ്റ്റ് മത്സരം സമനിലയിലാകുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ കരുതിയെങ്കിലും ഏത് വിധേനയും ബംഗ്ലാദേശിനെ പരാജയപ്പെടുത്തുമെന്ന വാശിയിലാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
 
ആദ്യ ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് 74.2 ഓവറില്‍ 233 റണ്‍സിന് പുറത്തായപ്പോള്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 34.4 ഓവറില്‍ 285 റണ്‍സിന് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എളുപ്പത്തില്‍ ബംഗ്ലാദേശിനെതിരെ സമനില നേടാമെങ്കിലും ഇന്ത്യ മത്സരത്തില്‍ വിജയിക്കാനായി ശ്രമിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരകള്‍.
 
 ബംഗ്ലാദേശ് പരമ്പര ഇന്ത്യ ഉറപ്പിച്ചെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരമാവധി വിജയത്തിന് ശ്രമിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രാജ്യത്തിന്റെ സാധ്യതകള്‍ പരമാവധി ഉയര്‍ത്താന്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം ആവശ്യമാണ്. നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തിരിച്ചടിയുണ്ടായാല്‍ അത് ഇന്ത്യയുടെ പോയന്റിനെ ബാധിച്ചേക്കും. ഒരു ഭാഗത്ത് ശ്രീലങ്ക ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനാല്‍ ഒരു പരാജയം പോലും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകളെ ബാധിച്ചേക്കാം.
 
 പുജാര- രഹാനെ എന്നിവരുടെ അസ്സാന്നിധ്യത്തില്‍ വിരാട് കോലിയുടെ മോശം ഫോമില്‍ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ നേരിടുക എന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. ഇത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിക്കാതിരിക്കാന്‍ ബംഗ്ലാദേശിനെതിരെ കൂടുതല്‍ പോയന്റ് സ്വന്തമാക്കാനാണ് നിലവില്‍ ഇന്ത്യന്‍ ശ്രമം. മത്സരം ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ ശേഷിക്കുന്ന 8 വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ ചെറിയ സ്‌കോറിന് ഒതുക്കാനാകും അവസാന ദിവസത്തെ ഇന്ത്യന്‍ ശ്രമം. അങ്ങനെയെങ്കില്‍ ടി20 ക്രിക്കറ്റ് ശൈലിയില്‍ തന്നെയാകും അവസാന ദിവസം ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍