അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്തൻ വിജയം, വീരനായകനായി റിങ്കു സിംഗ്

Webdunia
ഞായര്‍, 9 ഏപ്രില്‍ 2023 (19:56 IST)
പതിനാറാം ഐപിഎൽ സീസണിലെ ഏറ്റവും ത്രില്ലിംഗായ മത്സരത്തിനൊടുവിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശനിൻ്റെയും വിജയ് ശങ്കറിൻ്റെയും അർധസെഞ്ചുറികളുടെ ബലത്തിൽ നിശ്ചിത ഓവറിൽ 204 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത അവസാന ബോളിലാണ് വിജയം ഗുജറാത്തിൽ നിന്നും പിടിച്ചുവാങ്ങിയത്.
 
205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് മോശം തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്.28 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും ചേർന്ന് സ്കോർ ഉയർത്തി.29 പന്തിൽ നിന്നും 45 റൺസുമായി നിതീഷ് റാണയും 40 പന്തുകളിൽ നിന്ന് 83 റൺസെടുത്ത വെങ്കിടേഷ് അയ്യരും പുറത്തായതോടെ മത്സരം ഗുജറാത്തിൻ്റെ കൈപ്പിടിയിലായി.
 
റാഷിദ് ഖാൻ എറിഞ്ഞ പതിനേഴാം ഓവറിൽ തുടർച്ചയായ പന്തുകളിൽ റസ്സൽ, സുനിൽ നരെയ്ൻ,ശാർദൂൽ തക്കൂർ എന്നിവരെ ഗുജറാത്ത് മടക്കിയതോടെ മത്സരത്തിലെ കൊൽക്കത്തയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു.എന്നാൽ ഒരറ്റത്ത് പുറത്താകാതെ നിന്ന റിങ്കു സിംഗ് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അവസാന ഓവറിൽ 28 റൺസ് വേണമെന്ന ഘട്ടത്തിൽ ബൗൾ ചെയ്യാനെത്തിയത് പേസർ യാഷ് ദയാൽ. അവസാന ഓവറിലെ ആദ്യ ബോൾ ഉമേഷ് യാദവ് സിംഗിൾ നൽകിയതോടെ സ്ട്രൈക്ക് ലഭിച്ചത് റിങ്കു സിംഗിന്. തുടർച്ചയായ അഞ്ച് പന്തുകളിൽ പന്ത് അതിർത്തി കടന്നതോടെ കൊൽക്കത്തയ്ക്ക് സ്വപ്നതുല്യമായ വിജയം. 21 പന്തിൽ നിന്നും 48* റൺസുമായി തിളങ്ങിയ റിങ്കു സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്.

അനുബന്ധ വാര്‍ത്തകള്‍

Next Article