വൈസ് ക്യാപ്റ്റനെ കളിപ്പിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല; ആഞ്ഞടിച്ച് കപില്‍ ദേവ്

Webdunia
വെള്ളി, 10 ഫെബ്രുവരി 2023 (07:38 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാത്തതില്‍ വിമര്‍ശനമുന്നയിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവും. രോഹിത് ശര്‍മയ്‌ക്കൊപ്പം കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് അതിവേഗ അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നപ്പോള്‍ രാഹുല്‍ വെറും 20 റണ്‍സെടുത്ത് പുറത്തായി. 
 
എന്തുകൊണ്ട് രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൂടാ എന്ന് കപില്‍ ചോദിച്ചു. വൈസ് ക്യാപ്റ്റന്‍ ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കണമെന്ന് നിയമമൊന്നും ഇല്ലെന്നും കപില്‍ പറഞ്ഞു. 
 
' എന്തുകൊണ്ട് രാഹുലിനെ ഒഴിവാക്കിക്കൂടാ? വൈസ് ക്യാപ്റ്റനെ ഒഴിവാക്കരുതെന്ന് നിയമമൊന്നും ഇല്ല. ടീം കോംബിനേഷന്‍ നോക്കണം, എന്നിട്ട് ആവശ്യമുള്ളവരെ കളിപ്പിക്കണം. രാഹുല്‍ അത്യാവശ്യഘടകമൊന്നും അല്ല. ഒരാള്‍ തന്നെയായിരിക്കണം വൈസ് ക്യാപ്റ്റനെന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിയമമൊന്നും ഇല്ല. ഓരോ ടെസ്റ്റിലും നമുക്ക് വെവ്വേറെ വൈസ് ക്യാപ്റ്റന്‍മാര്‍ ഉണ്ടായിരുന്നു. അദ്ദേഹം പക്വതയുള്ള താരം തന്നെയാണ്, എനിക്കിഷ്ടവുമാണ്,' കപില്‍ ദേവ് പറഞ്ഞു. 
 
' രാഹുല്‍ നല്ല ബാറ്റര്‍ തന്നെ. പക്ഷേ ഈ സാഹചര്യത്തില്‍ ടീം ഘടനയോട് ചേരില്ല. ടീമാണ് ആദ്യം വരേണ്ടത്. ചില താരങ്ങള്‍ക്ക് എപ്പോഴും ഭാഗ്യമുണ്ട്,' കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article