കപില്‍ ദേവ് തല താഴ്ത്തി നില്‍ക്കുന്നു, ഈ കളി തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്; പിന്നീട് സംഭവിച്ചത് ചരിത്രം, കപില്‍ ദേവിന്റെ വിഖ്യാത 175 പിറന്നത് ഇങ്ങനെ

Webdunia
വ്യാഴം, 6 ജനുവരി 2022 (11:13 IST)
ഇന്ത്യയുടെ കന്നി ലോകകപ്പ് കിരീട നേട്ടമായിരുന്നു 1983 ലേത്. കപില്‍ ദേവാണ് അന്ന് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചത്. 1983 ലോകകപ്പിലെ 20-ാം മത്സരം ഇന്ത്യയും സിംബാബെയും തമ്മിലായിരുന്നു. ഈ കളിയില്‍ തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന അവസ്ഥ. ആ സമയത്താണ് കപില്‍ ദേവ് എന്ന നായകന്‍ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. 138 പന്തില്‍ പുറത്താകാതെ 175 റണ്‍സാണ് അന്ന് കപില്‍ സിംബാബെയ്ക്കെതിരെ നേടിയത്. നിശ്ചിത 60 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടിയപ്പോള്‍ സിംബാബെയുടെ ഇന്നിങ്സ് 235 ല്‍ അവസാനിച്ചു. 
 
വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു അന്ന് കപില്‍ ദേവ്. സയദ് കിര്‍മാണിയാണ് അന്ന് കപില്‍ ദേവിന് ഉറച്ച പിന്തുണ നല്‍കിയത്. ഇന്ത്യ 17/5 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു. ക്രീസിലുള്ള കപില്‍ ദേവ് നാണക്കേട് കൊണ്ട് തല കുനിച്ചു നില്‍ക്കുകയായിരുന്നു. അന്ന് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന കിര്‍മാണി തന്റെ നായകന്‍ കപില്‍ ദേവിന്റെ അടുത്തു പോയി ഒരു കാര്യം പറഞ്ഞു. അത് കപില്‍ ദേവിനെ സ്വാധീനിച്ചു. അപ്പോള്‍ മുതല്‍ കപിലിന്റെ ബാറ്റിങ് ട്രാക്ക് മാറി. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത '83' എന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് 1983 ലോകകപ്പില്‍ സിംബാബെയ്ക്കെതിരായ മത്സരം നടക്കുമ്പോള്‍ താന്‍ കപില്‍ ദേവിന് നല്‍കിയ ഉപദേശം എന്തായിരുന്നെന്ന് കിര്‍മാണി വെളിപ്പെടുത്തിയത്. 
 
' ഞാന്‍ കപിലിന്റെ അടുത്തേക്ക് പോയി. തല താഴ്ത്തിയാണ് കപില്‍ നില്‍ക്കുന്നത്. 60 ഓവര്‍ മത്സരമാണ്. ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ കപിലിനോട് സംസാരിക്കാന്‍ തുടങ്ങി. 'നോക്കൂ കപില്‍, നമ്മള്‍ ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയിലാണ്. ചുമ്മാ മരിക്കാനായി ഇരുന്ന് കൊടുക്കാന്‍ വയ്യ. നമ്മള്‍ പോരാടും,' ഞാന്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ തുടര്‍ന്നു. ' കപില്‍, നിങ്ങളാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഹിറ്റര്‍. ഞാന്‍ സിംഗിള്‍ എടുത്ത് നിങ്ങള്‍ക്ക് സ്ട്രൈക്ക് കൈമാറിക്കൊണ്ടിരിക്കാം. എല്ലാ പന്തും അടിച്ച് പറത്താന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം,' കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ' കിറി ഭായ്, ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ എനിക്ക് സാധിക്കാവുന്ന നിലയില്‍ പരിശ്രമിക്കാം,' പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ' സയദ് കിര്‍മാണി വെളിപ്പെടുത്തി. 
 
138 പന്തില്‍ 16 ഫോറും ആറ് സിക്സും സഹിതമാണ് കപില്‍ പുറത്താകാതെ 175 റണ്‍സ് നേടി. സയദ് കിര്‍മാണി 56 പന്തില്‍ പുറത്താകാതെ 24 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article