ബുമ്ര റിട്ടേൺസ്; ന്യൂസിലാൻഡിനെ നേരിടാൻ റെഡി !

ഗോൾഡ ഡിസൂസ
ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:10 IST)
സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. പുറത്തിനേറ്റ പരുക്കുമൂലം ദീർഘനാളായി സജീവ ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. പരിക്കിൽ നിന്നും പൂർണമായും മുക്തമാകാതെ താരം കളിക്കളത്തിലേക്കില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ജസ്‌പ്രീത് ബുമ്ര.
 
തന്റെ പരിശീലനം പുനഃരാരംഭിച്ചിരിക്കുകയാണ് താരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ട്രെയ്നറായ രജനികാന്ത് ശിവജ്ഞാനത്തിനു കീഴിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനിലാണ് ബുമ്രയുടെ പരിശീലനം. ഇന്ത്യൻ ദേശീയ ടീമിന്റെ ട്രെയ്നർ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും പിന്തള്ളപ്പെട്ടു പോയ വ്യക്തിയാണ് രജനികാന്ത്. ബിസിസിഐ അവഗണിച്ച രജനികാന്തിനൊപ്പം ബുമ്ര പരിശീലനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബുമ്ര വ്യക്തിപരമായി രൂപീകരിച്ചതാണ് ഈ പരിശീലനമെന്നാണ് ബിസിസിഐ പറയുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ മുതൽ ബുമ്ര അവധിയിലാണ്. 
 
ചികിത്സയ്ക്കായി താരത്തെ ലണ്ടനിലേക്ക് മാറ്റിയതോടെ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾ താരത്തിനു നഷ്ടമായിരുന്നു. വിൻഡീസിനെതിരായ ടൂർണമെന്റിലും താരത്തിനു പങ്കെടുക്കാനാകില്ല. വിൻഡീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസീലൻഡിലേക്കു പോകുന്നുണ്ട്. 
 
ഈ പരമ്പരയിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ബുമ്ര. ഇതിനായി കടുത്ത പരിശീലനത്തിലാണ് താരം. ഇതുവരെ 12 ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂ. എങ്കിലും 62 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇന്ത്യൻ പേസ് ബോളർമാരിൽ ഒന്നാമനായി എണ്ണപ്പെടുന്ന ബുമ്ര, ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോഴും ആദ്യ അഞ്ചിനുള്ളിലുണ്ട്. നിലവിൽ ഇന്ത്യൻ പേസർമാർ ഉയരത്തിലാണ്.
 
ഈ വർഷം മൂന്ന് ടെസ്റ്റിൽ മാത്രം ഇറങ്ങിയ ബുമ്ര 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. 13.14 ആണ് ഈ വർഷം ബുംറയുടെ ശരാശരി. ടെസ്റ്റിൽ ഹാട്രികും ബുംറ ഈ വർഷം നേടി. ഒരു മത്സരത്തിൽ വെറും 7 റൺസ് വഴങ്ങി അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.
 
പേസർമാർ വാഴുന്ന ടെസ്റ്റ് സംഘമായി ഇന്ത്യ വളർന്നിരിക്കുന്നു. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഇശാന്ത് ശർമ, മുഹമ്മദ് ഷമി എന്നീ നാല് പേസർമാരാണ് ഇന്ത്യയുടെ ഈ സുവർണകാലത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ പ്ലാനിങ്ങോട് കൂടി പരിശീലനവും ചികിത്സയും നടത്തി അടുത്ത ലോകകപ്പിനു മുന്നേ തന്റെ ട്രാക്കിലേക്ക് കയറുക എന്നതാണ് ബുമ്രയുടെ ലക്ഷ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article