വമ്പൻ പ്രകടനത്തിന് പിന്നാലെ ഫ്ളോപ്പ്, ഇഷാൻ്റെ പ്രശ്നം സ്ഥിരതയില്ലായ്മ : വിമർശനവുമായി ആരാധകർ

ബുധന്‍, 18 ജനുവരി 2023 (20:05 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷന് പകരം ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയതിൽ പലരും വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ചുറി കുറിച്ച താരത്തെ തൊട്ടടുത്ത മത്സരത്തിൽ തന്നെ പുറത്താക്കുന്നത് ഇന്ത്യയിൽ മാത്രമെ നടക്കുവെന്നായിരുന്നു ആരാധകരുടെ വിമർശനം.
 
എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഓപ്പണിംഗ് റോളിൽ സ്ഥിരതയോടെ കളിക്കുന്ന ശുഭ്മാൻ ഗില്ലിന് ലഭിച്ച അവസരം താരം മുതലാക്കുകയും ഇന്ത്യയുടെ ഏകദിനടീമിൽ സ്ഥിരസാന്നിധ്യമാവുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന ടീമിൽ കിട്ടിയ അവസരം ഇഷാൻ പാഴാക്കുകയും ചെയ്തു. 14 പന്തുകൾ നേരിട്ട് 5 റൺസ് മാത്രമാണ് ഇഷാൻ സ്വന്തമാക്കിയത്.
 
സ്ഥിരതയില്ലായ്മയും മത്സരത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതുമാണ് ഇഷാൻ്റെ പ്രശ്നമെന്ന് ഇന്നിങ്ങ്സ് ചൂണ്ടികാട്ടി ആരാധകർ വിമർശിക്കുന്നു.കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിൽ മികവ് തെളിയിക്കാനുള്ള അവസരമാണ് ഇഷാൻ നഷ്ടപ്പെടുത്തിയത്. നിലവിൽ റിഷഭ് പന്തിൻ്റെ അഭാവത്തിൽ ഇടം കയ്യൻ ബാറ്റർ എന്ന നിലയിൽ ഇഷാൻ കിഷന് ലോകകപ്പ് ടീമിൽ മുൻതൂക്കമുണ്ട്.
 
അതേസമയം ഓപ്പണിങ് റോളിൽ ഗില്ലും മധ്യനിരയിൽ കെ എൽ രാഹുലും തിളങ്ങുമ്പോൾ ലോകകപ്പ് ടീമിൽ സ്ഥാനം നേടണമെങ്കിൽ തുടർച്ചയായി മികച്ച പ്രകടനം ഇഷാൻ കാഴ്ചവെയ്ക്കേണ്ടതായി വരും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍