ഇന്ത ആട്ടം പോതുമാ.. റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇരട്ടസെഞ്ചുറിയും കിവികളെ പറപ്പിച്ച് ഗിൽ വിളയാട്ടം

ബുധന്‍, 18 ജനുവരി 2023 (17:39 IST)
ഏകദിനക്രിക്കറ്റിൽ ഇഷാൻ കിഷൻ്റെ ഇരട്ടസെഞ്ചുറിയുടെ ചൂടാറും മുൻപ് ഇന്ത്യയിൽ നിന്നും മറ്റൊരു ഇരട്ടസെഞ്ചുറി നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണിങ് താരം ശുഭ്മാൻ ഗിൽ. കഴിഞ്ഞ ഒരു വർഷക്കാലമായി ഏകദിനത്തിൽ നടത്തുന്ന സ്വപ്നതുല്യമായ ഫോം ഈ വർഷവും ആവർത്തിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ കൂടി നിർണായക താരമായി ഗിൽ മാറിയിരിക്കുകയാണ്. ഇതിന് അടിവരയിടുന്നതാണ് ശക്തരായ ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ താരം നേടിയ ഇരട്ടസെഞ്ചുറി.
 
ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 ഓവറിൽ 8 വിക്കറ്റിന് 349 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. 145 പന്തിലായിരുന്നു ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി. ഓപ്പണറായി ഇറങ്ങി 48.2 ഓവറും ക്രീസിൽ നിന്ന് ഗിൽ 149 പന്തിൽ 208 റൺസുമായാണ് മടങ്ങിയത്.
 
ഓപ്പണറായി ഇറങ്ങി 38 പന്തിൽ 34 റൺസ് എടുത്ത നായകൻ രോഹിത് ശർമ. 31 റൺസെടുത്ത സൂര്യകുമാർ യാദവ്, 28 റൺസുമായി ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയ മറ്റ് താരങ്ങൾ. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ അതിവേഗത്തിൽ 1000 റൺസ് സ്വന്തമാക്കുന്ന ബാറ്റർ എന്ന നേട്ടവും ഗിൽ സ്വന്തമാക്കി. 19 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഗിൽ 1000 റൺസ് പൂർത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍