Ishan Kishan Dravid: ഇഷാനെവിടെ?, ദ്രാവിഡിന്റെ വാക്കുകള്‍ക്ക് പുല്ലുവിലയോ?

അഭിറാം മനോഹർ

വെള്ളി, 19 ജനുവരി 2024 (20:18 IST)
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗായ രഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഇന്ന് തുടങ്ങിയ സര്‍വീസസിനെതിരായ രഞ്ജി മത്സരത്തിലും ജാര്‍ഖണ്ഡ് ടീമില്‍ ഇഷാന്‍ കിഷന്‍ ഇടം പിടിച്ചിട്ടില്ല. താരത്തിന്റെ അസാന്നിധ്യത്തില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയ കുമാര്‍ കുശാഗ്രയാണ് ജാര്‍ഖണ്ഡിനായി വിക്കറ്റ് കാക്കുന്നത്.
 
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബാക്കപ്പ് കീപ്പറായി ടീമില്‍ ഇടം നേടിയിരുന്ന ഇഷാന്‍ കിഷന്‍ പരമ്പരയ്ക്കിടെയാണ് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞു ടീമില്‍ നിന്നും തിരിച്ച് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ ഭാഗമായിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ടീമില്‍ നിന്നും താത്കാലികമായി മാറിനില്‍ക്കുന്നുവെന്നുമാണ് ഇഷാന്‍ അറിയിച്ചത്. ഇഷാന്‍ പക്ഷേ ടീം വിട്ട് നേരെ സഹോദരന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയടക്കമുള്ളവയ്ക്ക് പോയത് സെലക്ടര്‍മാരെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
 
ഈ സാഹചര്യത്തിലാണ് അഫ്ഗാനെതിരായ ടി20 ടീമില്‍ സഞ്ജു സാംസണിനും ജിതേഷ് ശര്‍മയ്ക്കും അവസരം ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ എസ് ഭരതും ധ്രുവ്വ് ജുറലുമാണ് ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്. കിഷനെ ഇന്ത്യ പരിഗണിക്കുന്നില്ലെ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ആഭ്യന്തര ലീഗില്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമെ ഇഷാനെ പരിഗണിക്കുവെന്ന് പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഞ്ജി മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍,പുജാര,അജിങ്ക്യ രഹാനെ,സഞ്ജു സാംസണ്‍,ശിവം ദുബെയടക്കമുള്ള താരങ്ങളെല്ലാം പങ്കെടുക്കുമ്പോഴും ഇഷാന്‍ ഇപ്പോഴും ജാര്‍ഖണ്ഡ് ടീമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ ഇഷാന് പുറത്തെടുക്കേണ്ടിവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍