ജിതേഷ് പുറത്തേക്ക്, അഫ്ഗാനെതിരെ മൂന്നാം ടി20യില്‍ സഞ്ജു കളിക്കും, ലോകകപ്പ് ടീമിലെത്താന്‍ താരത്തിന്റെ അവസാന ബസ്
ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ ബെംഗളുരുവില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്നാം ടി20യില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മത്സരത്തില്‍ ജിതേഷ് പൂജ്യത്തിന് പുറത്തായിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്.
ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ അവസാനമായി കളിക്കുന്ന ടി20 മത്സരമായതിനാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാനെതിരെ സഞ്ജുവിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ 6 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.