Shivam Dube: ഹാര്‍ദിക്കിനുള്ള പണി വരുന്നുണ്ട് ! ദുബെയെ പോലൊരുത്തന്‍ ലോകകപ്പ് ടീമില്‍ വേണം; കാരണം ഇതാണ്

രേണുക വേണു

തിങ്കള്‍, 15 ജനുവരി 2024 (10:08 IST)
Shivam Dube

Shivam Dube: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര തുടങ്ങുന്നതിനു മുന്‍പ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ 25 ല്‍ മാത്രമായിരുന്നു ശിവം ദുബെയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനെതിരായ രണ്ട് ടി20 മത്സരങ്ങള്‍ കഴിഞ്ഞതോടെ അത് ആദ്യ 15 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതായത് നിലവിലെ സാഹചര്യത്തില്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ദുബെ തെളിയിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികളാണ് ദുബെ അഫ്ഗാനെതിരെ നേടിയത്. 
 
ഐപിഎല്ലില്‍ കൂടി ഈ മികവ് തുടര്‍ന്നാല്‍ ഉറപ്പായും ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ദുബെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആദ്യ ടി 20 മത്സരത്തില്‍ 40 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ദുബെ ആയിരുന്നു കളിയിലെ താരം. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങിയ ഇന്നിങ്‌സ് ആയിരുന്നു അത്. രണ്ടാം ട്വന്റി 20 മത്സരത്തില്‍ 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സുമായി പുറത്താകാതെ നിന്നു. മാത്രമല്ല അഫ്ഗാന്‍ സ്പിന്നര്‍ മുഹമ്മദ് നബിയെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകളാണ് ദുബെ പറത്തിയത്. 
 
സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്നതാണ് ശിവം ദുബെയ്ക്ക് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നിടുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കളിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. അങ്ങനെയൊരു സാഹചര്യത്തിലേക്കാണ് സ്പിന്നിനെ യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുന്ന ദുബെ എത്തുന്നത്. ഓഫ് സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കാന്‍ ദുബെയ്ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും ദുബെയുടെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു. 
 
ഓള്‍റൗണ്ടര്‍ ആണെന്നതും ദുബെയ്ക്ക് ഗുണം ചെയ്യും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ദുബെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചാലും അതിശയിക്കാനില്ല. അഫ്ഗാനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ദുബെ പന്തെറിഞ്ഞു. ആദ്യ ടി20 യില്‍ രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക്കിനെ ബൗളറായി ഉപയോഗിക്കുന്നതിനു സമാനമായ രീതിയില്‍ ദുബെയെയും ഉപയോഗിക്കാം. മാത്രമല്ല ബാറ്റിങ്ങില്‍ പാണ്ഡ്യയേക്കാള്‍ ഹാര്‍ഡ് ഹിറ്ററുമാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ദുബെയെ മറികടക്കുന്ന പ്രകടനം നടത്തിയാല്‍ മാത്രമേ ഹാര്‍ദിക്കിന് ഇനി കാര്യങ്ങള്‍ എളുപ്പമാകൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍