Sanju Samson: അമ്പേ നിരാശപ്പെടുത്തിയ ബാറ്റിംഗിന് ശേഷവും സഞ്ജുവിന് ലോകകപ്പ് സാധ്യതകളുണ്ടോ? താരത്തിന് മുന്നിൽ ഒരേ ഒരു വഴി മാത്രം

അഭിറാം മനോഹർ

വെള്ളി, 19 ജനുവരി 2024 (18:13 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രമാണ് മലയാളി താരമായ സഞ്ജു സാംസണിന് അവസരം ലഭിച്ചത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന ഏകദിനമത്സരത്തില്‍ ടീമിനെ തോളിലേറ്റിയ പ്രകടനത്തോടെ പ്രശംസ നേടികൊണ്ടാണ് സഞ്ജു ടി20 ടീമില്‍ സ്ഥാനം നേടിയെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്നത് പോലെ സമാനമായ സാഹചര്യമാണ് അഫ്ഗാനെതിരെയും സഞ്ജുവിന് ലഭിച്ചതെങ്കിലും അനാവശ്യഷോട്ടിന് ശ്രമിച്ച് ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്.
 
സഞ്ജു ക്രീസിലെത്തുമ്പോള്‍ 3 വിക്കറ്റിന് 21 എന്ന നിലയിലായിരുന്നു ഇന്ത്യ. ടീം സ്‌കോര്‍ മെല്ലെ ഉയര്‍ത്തികൊണ്ട് സുരക്ഷിതമായ ടോട്ടലില്‍ ടീമിനെ എത്തിക്കാമായിരുന്ന സുവര്‍ണ്ണാവസരം ആദ്യപന്തിലെ അനാവശ്യമായ ഷോട്ടിലൂടെ സഞ്ജു കളഞ്ഞുകുളിച്ചിരുന്നു. സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും താരം നിരാശപ്പെടുത്തി. രണ്ട് തവണ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. സഞ്ജു പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തില്‍ ജിതേഷ് ശര്‍മയെയാകും ടി20 ടീമിലേക്ക് ഇന്ത്യ പരിഗണിക്കുക.
 
ജൂണ്‍ മാസത്തിലാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഐപിഎല്‍ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ള ഏകപ്രതീക്ഷ. അപ്പോഴും മധ്യനിരയിലാണ് ഇന്ത്യ ഒരു കളിക്കാരനെ തേടുന്നത് എന്നത് സഞ്ജുവിന് വെല്ലുവിളിയാകും. നിലവില്‍ രാജസ്ഥാന്‍ റോയല്‍സില്‍ മുന്‍നിരയിലാണ് താരത്തിന്റെ സ്ഥാനം. ലോകകപ്പ് ലക്ഷ്യം വെച്ച് സഞ്ജു മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുകയും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമെ ലോകകപ്പ് ടീമിലേയ്ക്ക് പരിഗണിക്കുന്നവരില്‍ സഞ്ജുവിനും ഇടം പിടിക്കാനാകുകയുള്ളു.
 
ലോകകപ്പ് സമയമാകുമ്പോഴേക്കും കെ എല്‍ രാഹുലിനെ ടീം പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ടി20യില്‍ രാഹുല്‍ മുന്‍നിരയിലാണ് കളിക്കുന്നതെന്നാണ് സെലക്ടര്‍മാരെ മാറ്റി ചിന്തിക്കുന്നത്. ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുന്നതിനാല്‍ ജിതേഷ് ശര്‍മയും സഞ്ജുവും തമ്മിലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള മത്സരം നടക്കുന്നത്. ഐപിഎല്ലില്‍ മധ്യനിരയിലാണ് കളിക്കുന്നത് എന്നതും ഇന്ത്യന്‍ ജേഴ്‌സിയില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയിട്ടുള്ളത് എന്നുള്ളതും ജിതേഷിന് അനുകൂലഘടകങ്ങളാണ്. അപ്പോഴും ഒരു 500+ സീസണ്‍ ഐപിഎല്ലില്‍ സംഭവിക്കുകയാണെങ്കില്‍ സഞ്ജുവിന് മുന്നില്‍ ലോകകപ്പ് വാതില്‍ തുറന്നിടാന്‍ സാധ്യതയില്ലെന്ന് പറയാന്‍ കഴിയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍