കുമ്മനടിച്ചതാകില്ല, ധോണി വിളിച്ചതാകും; ചെന്നൈ ടീമിന്റെ സെല്‍ഫിയില്‍ ഡല്‍ഹി താരം പന്തും - കൈയടിച്ച് ആരാധകര്‍

Webdunia
തിങ്കള്‍, 28 മെയ് 2018 (15:46 IST)
ഓരോ ഐപിഎല്‍ സീസണും പുതിയ ഒരു സൂപ്പര്‍ താരത്തെ കണ്ടെത്തിയിരിക്കും. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മികച്ച ബാറ്റിംഗോ ബോളിംഗോ പുറത്തെടുക്കുന്ന പുതിയ താരമാകും അതാത് സീസണിലെ എമേര്‍ജിംഗ് പ്ലെയര്‍.

ഐ പി എല്‍ പതിനൊന്നാം സീസണിലെ എമേര്‍ജിംഗ് പ്ലെയര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ യുവതാരം റിഷഭ് പന്തായിരുന്നു. ഫൈനലില്‍ ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം സ്വന്തമാക്കുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി പന്തും ഗ്രൌണ്ടിലുണ്ടായിരുന്നു. എമേര്‍ജിംഗ് പ്ലെയറിനുള്ള പുരസ്‌കാരം വാങ്ങാനാണ് യുവതാരം എത്തിയത്.

കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ചെന്നൈ താരങ്ങളായ സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു എന്നിവര്‍ സെല്‍‌ഫിയെടുത്തപ്പോള്‍ അതില്‍ പന്തും ഉണ്ടായിരുന്നു എന്നതാണ് ആരാധകരെ സന്തോഷിപ്പിച്ചത്. ഗ്രൌണ്ടില്‍ ചമ്മലോടെ നിന്ന പന്തിനെ സെല്‍‌ഫിയെടുക്കാന്‍ ചെന്നൈ താരങ്ങള്‍ വിളിക്കുകയായിരുന്നു.

ധോണിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചെന്നൈ ടീമിന്റെ സെല്‍‌ഫിയില്‍ പങ്കാളിയാകാന്‍ പന്ത് ആദ്യം ഭയന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. എന്നാല്‍, സെല്‍‌ഫിയില്‍ ധോണിയോ ഫൈനലിലെ ഹീറോ വാട്‌സണോ ഇല്ലായിരുന്നു.

ടീം എന്ന പരിഗണ നല്‍കാതെ പന്തിനെ സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ചെന്നൈ താരങ്ങളുടെ തീരുമാനത്തെ ക്രിക്കറ്റ് ആ‍രാധകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പന്തിനെ കൂടി ഉള്‍പ്പെടുത്തി സെല്‍‌ഫിയെടുക്കാന്‍  ധോണിയാണ് നിര്‍ദേശിച്ചതെന്നാണ് ചില ആരാധകര്‍ പറയുന്നത്.

ഡല്‍ഹിക്കു വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സാണ് പന്ത് നേടിയത്. 128 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

Next Article