ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎൽ) ഒത്തുകളി ഇടപാടില്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും കുറ്റക്കാരാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർഎം ലോധ അദ്ധ്യക്ഷനായ സമിതി വ്യക്തമാക്കി. ഇരുവരും വാതുവെപ്പുകാരുമായി ബന്ധം പുലര്‍ത്തിയെന്നും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യത ഇരുവരും നശിപ്പിച്ചുവെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും ക്രിക്കറ്റില്‍ നിന്ന് ആജിവാനന്ത വിലക്ക് ഏര്‍പ്പെടുത്തും. കൂടാതെ മുന്‍ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനെയും ഐപിഎല്‍ ക്രിക്കറ്റില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് വിലക്കാനും തീരുമാനമായി.
ബിസിസിഐ മുൻ അദ്ധ്യക്ഷൻ എൻ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിങ്ങ്‌സ് ഉടമയുമായി ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് സഹ ഉടമയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയും വാതുവെപ്പ് കാരുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സല്‍പ്പേര് നശിപ്പിച്ചു. വാതുവെപ്പ് കാരുമായി ഇരുവര്‍ക്കും അടുത്ത ബന്ധമായിരുന്നു ഉള്ളത്. ഇതില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നും ആർ എം ലോധ സമിതി വ്യക്തമാക്കി. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും ബിസിസിഐയുമായി യാതൊരു തരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും സമിതി പറഞ്ഞു.
മെയ്യപ്പനെതിരായ ആരോപണങ്ങൾ:- മെയ്യപ്പന്‍ വാതുവെപ്പില്‍ നേരിട്ട് പങ്കാളിയായി, ബിസിസിഐയുടെ നിയമങ്ങൾ ലംഘിച്ചു. വാതുവെപ്പുകാരുമായി നേരിട്ട് ബന്ധം പുലര്‍ത്തി, വിന്ധു ധാരാസിങ്ങുമായി ഫോൺ സംഭാഷണങ്ങൾ, ചെന്നൈ സൂപ്പർ കിംഗ്സിനെതിരായും വാതുവച്ചു, ടീമിന്റെ തന്ത്രങ്ങൾ നേരിട്ടറിയാവുന്ന വ്യക്തി, സൂപ്പർ കിങ്സിന്റെ സ്കോർ ശരിയായി പ്രവചിച്ചു
കുന്ദ്രയ്ക്കെതിരായ ആരോപണങ്ങൾ:- വാതുവയ്പ്പുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ല, കുന്ദ്രയ്ക്കായി വാതുവച്ചതായി വാതുവയ്പുകാരന്റെ മൊഴി, വാതുവെപ്പുകാരെ പരിചയപ്പെടുത്തിയത് കളിക്കാരൻ, ബിസിസിഐയുമായുള്ള കരാർ ലംഘിച്ചു
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ, ജസ്റ്റിസുമാരായ അശോക് ഭൻ, ആർ വി രവീന്ദ്രൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ശിക്ഷ വിധിച്ചത്. 2013ലെ ഐപിഎൽ സീസണിലാണ് തട്ടിപ്പ് നടന്നത്. മുംബൈ, ഡല്‍ഹി പൊലീസുകൾ വിവാദ കേസുകൾ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയിരുന്നു. സുപ്രീംകോടതി മുഗ്ദൽ സമിതിയെ അന്വേഷിക്കാനായി നിയോഗിക്കുകയും ചെയ്തു. മുഗ്ദൽ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻ ശ്രീനിവാസനെ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും മറ്റുള്ളവർക്കുള്ള ശിക്ഷയ്ക്കായി ലോധ സമിതിയെ നിയോഗിക്കുകയും ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 22ലെ പ്രത്യേക വിധി പ്രത്യേക പ്രകാരമാണ് ആർഎം ലോധ സമിതി രൂപവൽക്കരിക്കപ്പെട്ടത്.