ഇന്ത്യൻ താരങ്ങൾ അപകടത്തിലോ? കനത്ത സുരക്ഷ, പിന്നിൽ പാകിസ്ഥാനോ?- മികച്ച അവസരമെന്ന് കോഹ്ലി

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (12:27 IST)
വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ബിസിസിഐയ്ക്കു ലഭിച്ചതിനെ തുടർന്നാണു നടപടി. എന്നാൽ, സന്ദേശം വ്യാജമാണെന്ന് ബിസിസിഐ അറിയിച്ചു. 
 
ക്രിക്കറ്റ് ടീമിന്റെ നീക്കങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്നും ടീം അംഗങ്ങൾ അപകടത്തിലാണെന്നുമായിരുന്നു സന്ദേശം. സന്ദേശം വ്യാജമാണെന്നു വ്യക്തമായതായി ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി.  
 
കാര്യങ്ങളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിട്ടുണ്ട്. മുൻ‌കരുതലെന്ന രീതിയിലാണ് അധികസുരക്ഷ ഏർപ്പെടുത്തിയതെന്നും ബിസിസിഐ അറിയിച്ചു. 
 
വെസ്റ്റിൻഡീസ് പര്യടനത്തിന്റെ ഭാഗമായി ട്വന്റി20, ഏകദിന പരമ്പരകൾ പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയാണു ബാക്കിയുള്ളത്. ട്വന്റി20, ഏകദിന പരമ്പരകള്‍ ഇന്ത്യയാണു സ്വന്തമാക്കിയത്. 
 
വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹ മൽസരത്തിലാണ് ഇന്ത്യൻ താരങ്ങളിപ്പോൾ. ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ജയിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. 
 
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ആക്രമണം നടക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു സന്ദേശം ലഭിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സന്ദേശം പാക്ക് ക്രിക്കറ്റ് ബോർഡ് ഐസിസിക്കും ബിസിസിഐയ്ക്കും കൈമാറിയെന്നായിരുന്നു റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article