പ്രതീക്ഷിച്ചതു പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്‌ത്രി തുടരുമെന്ന് ഇന്നലെ വൈകിട്ടോടെ ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു. വലിയ സർപ്രൈസ് ഒന്നും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. കപില്‍ ദേവിന്റെ കീഴിലുള്ള ഉപദേശക സമിതി ശാസ്ത്രിയെ തന്നെ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുത്തതിന്റെ കാരണമെന്തെന്നാണ് ഇപ്പോൾ ആരാധകർ അന്വേഷിക്കുന്നത്.
കോച്ചിങ് ഫിലോസഫി, കോച്ചിങിലെ അനുഭവസമ്പത്ത്, കോച്ചിങിലെ നേട്ടങ്ങള്‍, ആശയവിനിമയം, ആധുനിക കോച്ചിങ് രീതികളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ചു ഘടകങ്ങളിലും ശാസ്ത്രി ആയിരുന്നു ഒന്നാമത്. ശാസ്ത്രിക്ക് വെല്ലുവിളി ആയത് ഓസ്‌ട്രേലിയയുടെ ടോം മൂഡിയും ന്യൂസിലാന്‍ഡുകാരനായ മൈക്ക് ഹെസ്സനുമായിരുന്നു.
അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്‍മാറിയതിനാല്‍ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രവി ശാസ്ത്രി, സ്കൈപ്പിലൂടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.