ആയിരാമത് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം; അഭിമാനത്തോടെ രോഹിത് ശര്‍മ

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (08:27 IST)
ആയിരാമത് ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള രോഹിത് ശര്‍മയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. 
 
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടായി. 71 പന്തില്‍ 51 റണ്‍സ് നേടിയ ജേസന്‍ ഹോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. ഫാബിയന്‍ അലന്‍ 29 റണ്‍സ് നേടി. 
 
ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചഹല്‍ 9.5 ഓവറില്‍ 49 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒന്‍പത് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 
 
ബാറ്റിങ്ങില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ രോഹിത് ശര്‍മ തന്നെ. 51 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതം ശര്‍ 60 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 36 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 34), ദീപക് ഹൂഡ (32 പന്തില്‍ 26) എന്നിവര്‍ പുറത്താകാതെ നിന്നു. രോഹിത്തിനു കീഴില്‍ കളിക്കാനിറങ്ങിയ കോലി വെറും എട്ട് റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് 11 റണ്‍സും എടുത്ത് പുറത്തായി. 
 
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്‍പിലെത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article