വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര നഷ്‌ടമാകാന്‍ കാരണം ബ്രത്ത്‌വെയ്‌റ്റിന്റെ പിടിവാശിയല്ല - ധോണിക്കും അത് വ്യക്തമായി

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (18:18 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താമെന്ന മോഹം അവസാനിക്കുകയായിരുന്നു. മഴ കളിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായും വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രത്ത്‌വെയ്‌റ്റുമായും അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ധോണിയുടെ വാക്കുകള്‍ തള്ളുകയായിരുന്നു.

മത്സരം തുടരണമെന്നും ഇതിലും മോശമായ പിച്ചില്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ മത്സരം തുടരണമെന്നും ധോണി അഭിപ്രായപ്പെട്ടപ്പോള്‍ മത്സരം തുടരുന്നത് അപകടമായിരിക്കുമെന്നായിരുന്നു വിന്‍ഡീസ് നായകന്‍ ബ്രാത്ത്‌വെയ്‌റ്റിന്റെ
നിലപാട്.

2011ലെ ഇംഗ്ലീഷ് പര്യടനത്തില്‍ മഴ വില്ലനായ സാഹചര്യമുണ്ടായെങ്കിലും മത്സരം തുടര്‍ന്നുവെന്ന് ധോണി അമ്പയര്‍മാരോട് പറഞ്ഞു. എന്നാല്‍ വിന്‍ഡീസ് നായകന്റെ നിലപാടിനോട് യോജിക്കുകയായിരുന്നു അമ്പയര്‍മാര്‍. ഇതോടെ മത്സരം വിജയിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷ പൊലിയുകയായിരുന്നു.

എന്നാല്‍ മഴയും അമ്പയര്‍മാരുമല്ല ഇന്ത്യയെ ചതിച്ചത്. കളി 40 മിനുട്ട് വൈകി തുടങ്ങിയതാണ് ഇന്ത്യക്ക് തോല്‍‌വി സമ്മാനിച്ചത്. കൃത്യമായ സമയത്ത് മത്സരം നടന്നിരുന്നുവെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു. അല്ലാത്ത പക്ഷം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം കളി ഇന്ത്യക്ക് അനുകൂലമായി വിധിക്കുകയും ചെയ്‌തേനെ.

സാങ്കേതിക കാരണങ്ങളാല്‍ വൈകി എന്നാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. ടി വി സംപ്രക്ഷേപണവുമായി ബന്ധപ്പെട്ട തകരാറാണ് കളി വൈകിച്ചത്. വെസ്‌റ്റ് ഇന്‍ഡീസിന്റെ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടോവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴയെത്തിയത്. തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
Next Article