2014 നു ശേഷം ആദ്യമായാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2007 ല്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ മാത്രമാണ് ഇന്ത്യക്ക് ജേതാക്കളാകാന്‍ സാധിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി കരുത്തരായ ടീമുകളെ മുഴുവന്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇത്തവണ ഫൈനലില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
2011 ലെ ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമ്പോള്‍ മലയാളി താരം എസ്.ശ്രീശാന്ത് ഫൈനല്‍ മത്സരത്തിന്റെ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നു. ആ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിച്ച ശേഷം പിന്നീടുള്ള മത്സരങ്ങളിലെല്ലാം ശ്രീശാന്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. സെമി ഫൈനലില്‍ പേസര്‍ ആശിഷ് നെഹ്‌റയ്ക്ക് പരുക്ക് പറ്റിയതിനാല്‍ മാത്രമാണ് ഫൈനലില്‍ ശ്രീശാന്ത് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.
ഇത്തവണ സഞ്ജുവിലേക്ക് എത്തുമ്പോള്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ ഇറങ്ങിയിട്ടില്ല. ഫൈനലിലേക്ക് എത്തുമ്പോള്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജു പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഇന്ത്യ അവസാനമായി ബര്‍ബഡോസില്‍ കളിച്ചത്. അന്ന് 47 റണ്‍സിന് ഇന്ത്യ ജയിച്ചു. ശിവം ദുബെ വെറും 10 റണ്‍സ് മാത്രമാണ് അന്ന് സ്‌കോര്‍ ചെയ്തത്. ബര്‍ബഡോസില്‍ റണ്‍സ് കണ്ടെത്താന്‍ ദുബെ പാടുപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇറക്കുന്ന കാര്യം ഇന്ത്യന്‍ മാനേജ്‌മെന്റ് പരിഗണിക്കുന്നത്.