Breaking News: അക്‌സ്-കുല്‍ 'പരീക്ഷ'യില്‍ ഇംഗ്ലണ്ട് പൊട്ടി ! ഇന്ത്യ ലോകകപ്പ് ഫൈനലില്‍

രേണുക വേണു

വെള്ളി, 28 ജൂണ്‍ 2024 (01:32 IST)
India into World Cup FInal

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. കുല്‍ദീപ് യാദവിന്റേയും അക്‌സര്‍ പട്ടേലിന്റേയും ബൗളിങ്ങിനു മുന്നില്‍ പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. 2022 ട്വന്റി 20 ലോകകപ്പ് സെമിയിലെ പത്ത് വിക്കറ്റ് തോല്‍വിക്ക് ഇംഗ്ലണ്ടിനോട് പലിശ സഹിതം പകരംവീട്ടുകയും ചെയ്തു ഇന്ത്യ.

ഗയാനയില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 16.3 ഓവറില്‍ 103 ന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ജൂണ്‍ 29 ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. 

കുല്‍ദീപ് യാദവ് നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയും അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്ക് രണ്ട് വിക്കറ്റ്. ഹാരി ബ്രൂക്ക് (19 പന്തില്‍ 25), ജോസ് ബട്‌ലര്‍ (15 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ചെറുത്ത് നില്‍പ്പിനു ശ്രമിച്ചത്. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സാണ് രോഹിത് നേടിയത്. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 47 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 23 റണ്‍സുമെടുത്തു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍