ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

രേണുക വേണു

വ്യാഴം, 27 ജൂണ്‍ 2024 (17:24 IST)
ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും അവസാനവട്ട പരിശീലനത്തിലാണ്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മുതല്‍ ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇടയില്‍ മഴ വില്ലനായി നില്‍ക്കുകയാണ്. ബുധനാഴ്ച (ഇന്നലെ) ശക്തമായ മഴയാണ് ഗയാനയില്‍ പെയ്തത്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. 
 
സെമി ഫൈനല്‍ മത്സരത്തിനു റിസര്‍വ് ഡേ ഇല്ലെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മഴ തടസപ്പെടുത്തുകയാണെങ്കില്‍ നാല് മണിക്കൂര്‍ വരെ വൈകി ആണെങ്കിലും കളി ആരംഭിക്കും. അതായത് ഇന്ത്യന്‍ സമയം രാത്രി 12 മണി വരെ കളി ആരംഭിക്കാനുള്ള സമയം ഉണ്ട്. മറ്റു മത്സരങ്ങള്‍ പോലെ മഴ പെയ്താല്‍ പകുതി നടന്ന മത്സരത്തിനു ഫലം വേണമെങ്കില്‍ ഇരു ടീമുകളും അഞ്ച് ഓവര്‍ കളിച്ചാല്‍ പോരാ. ചുരുങ്ങിയത് 10 ഓവര്‍ എങ്കിലും ഇറു ടീമുകളും കളിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം കളിയുടെ ഫലം തീരുമാനിക്കാന്‍ സാധിക്കൂ. 
 
അതേസമയം മഴയെ തുടര്‍ന്ന് മത്സരം പൂര്‍ണമായി ഉപേക്ഷിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനു തിരിച്ചടിയാകും. സൂപ്പര്‍ എട്ട് ഫിനിഷ് ചെയ്യുമ്പോള്‍ ഏത് ടീമാണോ പോയിന്റ് നിലയില്‍ ഒന്നാമത് അവര്‍ ആയിരിക്കും മത്സരം മഴ മൂലം പൂര്‍ണമായി ഉപേക്ഷിച്ചാല്‍ ഫൈനലില്‍ എത്തുക. അതായത് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഫൈനലിലേക്ക് എത്തും. ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരാണ്. മഴ പെയ്ത് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചാല്‍ ഇന്ത്യക്കാണ് ഗുണം ചെയ്യുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍